Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Oct 2026
 
 
UK Special
  Add your Comment comment
യുകെ ബജറ്റില്‍ ബാങ്കുകള്‍ക്ക് നികുതി വര്‍ധനയ്ക്ക് സാധ്യത; ആശങ്കയില്‍ ബാങ്കിങ് മേഖല
reporter

ലണ്ടന്‍: ഈ മാസം അവസാനം അവതരിപ്പിക്കാനിരിക്കുന്ന യുകെ ബജറ്റില്‍ ബാങ്കിങ് മേഖലയ്ക്ക് അധിക നികുതി ചുമത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ബാങ്കിങ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിലവിലുള്ള ബാങ്ക് നികുതികളില്‍ മാറ്റം വരുത്തുന്നതാണ് പരിഗണനയിലുള്ളതെന്നാണ് വിവരം. ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ നാല് ബാങ്കുകള്‍ ചേര്‍ന്ന് ഏകദേശം 1,500 കോടി പൗണ്ട് ലാഭം നേടിയ സാഹചര്യത്തിലാണ് അധിക നികുതിയെന്ന ആവശ്യം ശക്തമായത്. ഉയര്‍ന്ന പലിശനിരക്കിലൂടെ നേട്ടമുണ്ടാക്കിയ ബാങ്കുകള്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നു. അതേസമയം, നികുതി വര്‍ധന ബാങ്കുകളുടെ മത്സരശേഷിയെയും നിക്ഷേപത്തെയും തൊഴിലവസരങ്ങളെയും ബാധിക്കുമെന്ന് ബാങ്കിങ് മേഖലയെ പ്രതിനിധീകരിക്കുന്ന യുകെ ഫിനാന്‍സ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തുടനീളം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന് നടപടി തിരിച്ചടിയാകുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

നികുതി വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ വെള്ളിയാഴ്ച ലോയ്ഡ്സ്, നാറ്റ്വെസ്റ്റ് ബാങ്കുകളുടെ ഓഹരിവിലയില്‍ രണ്ട് ശതമാനത്തിലധികം ഇടിവുണ്ടായി. ബാര്‍ക്ലേസിന്റെ ഓഹരിയില്‍ ചെറിയ ഇടിവുണ്ടായപ്പോള്‍ എച്ച്എസ്ബിസി നേട്ടമുണ്ടാക്കി. വിപുലമായ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുള്ളതിനാല്‍ യുകെയിലെ നികുതി മാറ്റം അവസാനത്തെ രണ്ട് ബാങ്കുകളെയും താരതമ്യേന കുറവായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കോര്‍പ്പറേഷന്‍ നികുതിക്കു പുറമേ ബാങ്കുകള്‍ നല്‍കുന്ന സര്‍ചാര്‍ജ് ഉയര്‍ത്തുന്നതാണ് സര്‍ക്കാരിനു മുന്നിലുള്ള പ്രധാന മാര്‍ഗം. 2023ല്‍ അന്നത്തെ ചാന്‍സലര്‍ ജെറമി ഹണ്ട് സര്‍ചാര്‍ജ് എട്ട് ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനമായി കുറച്ചിരുന്നു. അതേ സമയത്ത് കോര്‍പ്പറേഷന്‍ നികുതി 19 ശതമാനത്തില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. സര്‍ചാര്‍ജ് പഴയ നിരക്കിലെത്തിച്ചാല്‍ ഏകദേശം 200 കോടി പൗണ്ട് അധികമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഉയര്‍ന്ന നികുതിഭാരം യൂറോപ്യന്‍, അമേരിക്കന്‍ ബാങ്കുകളുമായുള്ള മത്സരത്തില്‍ ബ്രിട്ടീഷ് ബാങ്കുകള്‍ക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്കയുണ്ട്. അതിനാല്‍ നിരക്ക് വര്‍ധിപ്പിച്ചാലും എട്ട് ശതമാനത്തിലേക്ക് പൂര്‍ണമായി തിരിച്ചുകൊണ്ടുവന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

പുതിയൊരു അപ്രതീക്ഷിത ലാഭനികുതി ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ നിലവിലുള്ള നികുതികള്‍ പരിഷ്‌കരിക്കുന്നതിനാണ് ട്രഷറി മുന്‍ഗണന നല്‍കുന്നതെന്നാണ് സൂചന. ബാങ്ക് ലെവി വര്‍ധിപ്പിക്കുന്നതും പരിഗണിക്കാവുന്ന മറ്റൊരു മാര്‍ഗമാണ്. ബാങ്കിങ് മേഖലയിലെ നികുതികളില്‍ മിതമായ വര്‍ധനയിലൂടെ വര്‍ഷം 300 കോടി പൗണ്ട് വരെ അധികവരുമാനം കണ്ടെത്താനാകുമെന്ന് മുന്‍ ബാങ്കറും എഴുത്തുകാരനുമായ സര്‍ ഫിലിപ്പ് ഓഗര്‍ അഭിപ്രായപ്പെട്ടു. ഉയര്‍ന്ന വായ്പാപലിശയും നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയും തമ്മിലുള്ള അന്തരം ബാങ്കുകളുടെ ലാഭം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ട്രേഡ് യൂണിയനുകളുടെ വാദം. ഭവനവായ്പാ തിരിച്ചടവില്‍ കുടുംബങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വലിയ ലാഭം നേടുന്ന ബാങ്കുകള്‍ കൂടുതല്‍ സംഭാവന നല്‍കണമെന്ന് ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പോള്‍ നോവാക് ആവശ്യപ്പെട്ടു. എന്നാല്‍ അധിക നികുതി വായ്പ നല്‍കാനുള്ള ശേഷി കുറയ്ക്കുമെന്നും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നുമാണ് ബാങ്കുകളുടെ നിലപാട്.

 
Other News in this category

 
 




 
Close Window