ലണ്ടന്‍: പാര്‍ക്കിങ് നിയമലംഘനത്തിന് നല്‍കിയ പിഴച്ചീട്ട് വനിതാ ഉദ്യോഗസ്ഥയ്ക്കുനേരെ ചുരുട്ടിയെറിഞ്ഞയാള്‍ക്ക് പിഴയും കോടതിച്ചെലവും ഉള്‍പ്പെടെ വന്‍തുക അടയ്ക്കാന്‍ ഉത്തരവ്. കോണ്‍വാള്‍ സ്വദേശിയായ സ്റ്റീഫന്‍ ലാങ് എന്ന 58-കാരനാണ് 2,270.90 പൗണ്ട്, ഏകദേശം 2.87 ലക്ഷം രൂപ, അടയ്‌ക്കേണ്ടത്. പെന്റിനിലെ എക്‌സ്‌ചേക്കര്‍ ക്വേ കാര്‍ പാര്‍ക്കിലായിരുന്നു സംഭവം. നിര്‍ദിഷ്ട പാര്‍ക്കിങ് പരിധിക്ക് പുറത്തു വാഹനം നിര്‍ത്തിയതിനാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥ പിഴച്ചീട്ട് നല്‍കിയത്. ഇതില്‍ പ്രകോപിതനായ ലാങ് വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍നിന്ന് ചീട്ടെടുത്ത് ഉദ്യോഗസ്ഥയുടെ മുഖത്തേക്ക് ചുരുട്ടിയെറിയുകയായിരുന്നു. നിലത്തുവീണ ചീട്ട് ഉദ്യോഗസ്ഥ എടുത്ത് വീണ്ടും വാഹനത്തില്‍ വയ്ക്കുന്നതിനിടെ ഇയാള്‍ തിരിച്ചെത്തി അത് വീണ്ടും അവരുടെ നേര്‍ക്ക് എറിഞ്ഞു. സംഭവദൃശ്യങ്ങള്‍ ഉദ്യോഗസ്ഥയുടെ ബോഡി ക്യാമറയിലും പാര്‍ക്കിങ് സ്ഥലത്തെ സിസിടിവിയിലും പതിഞ്ഞു.
ചീട്ട് വലിച്ചെറിഞ്ഞത് മാലിന്യം നിക്ഷേപിക്കുന്ന കുറ്റമായി കണക്കാക്കി അധികൃതര്‍ 250 പൗണ്ടിന്റെ പിഴനോട്ടീസ് നല്‍കി. ആവര്‍ത്തിച്ച് അറിയിപ്പുകള്‍ നല്‍കിയിട്ടും പണം അടയ്ക്കാതിരുന്നതോടെ കേസ് കോടതിയിലെത്തി. ഒക്ടോബര്‍ 14-ന് ട്രൂറോ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോള്‍ ലാങ് ഹാജരായില്ല. ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി 250 പൗണ്ട് പിഴയും 1,920.90 പൗണ്ട് കോടതിച്ചെലവും 100 പൗണ്ട് സര്‍ചാര്‍ജും അടയ്ക്കാന്‍ ഉത്തരവിട്ടു. ഉദ്യോഗസ്ഥര്‍ക്കുനേരെയുള്ള അധിക്ഷേപവും പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും അംഗീകരിക്കാനാവില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.