ലണ്ടന്‍: ബഹുരാഷ്ട്ര ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി, ഏകദേശം 30,000 കോര്‍പറേറ്റ് തസ്തികകള്‍ ഉടനടി നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാകും ഈ നീക്കത്തിന്റെ പ്രധാന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുക. തീരുമാനം ഉടന്‍ പ്രാബല്യത്തിലാകുമെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
കോവിഡ് മഹാമാരിക്ക് ശേഷം ആമസോണില്‍ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. മഹാമാരി കാലത്ത് 27,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. പിന്നീട് നിയമനം വര്‍ധിപ്പിച്ചെങ്കിലും ഇപ്പോള്‍ ചെലവു നിയന്ത്രണത്തിന്റെ ഭാഗമായി വീണ്ടും വന്‍തോതില്‍ തസ്തികകള്‍ ഒഴിവാക്കുകയാണ്.
ആമസോണിന്റെ കോര്‍പറേറ്റ് വിഭാഗത്തില്‍ ഏകദേശം 3.5 ലക്ഷം ജീവനക്കാരുണ്ടെങ്കിലും, ഇതില്‍ പത്തുശതമാനത്തെയാണ് കമ്പനി ഒഴിവാക്കാന്‍ ലക്ഷ്യമിടുന്നത്. ആകെ 1.5 കോടി ജീവനക്കാരുള്ള ആമസോണില്‍ ഇത് ചെറിയൊരു ശതമാനമാണെന്നു കമ്പനി വിശദീകരിക്കുന്നു.
കൃത്രിമ ബുദ്ധിയുടെ (AI) വ്യാപക ഉപയോഗം വര്‍ധിപ്പിച്ചതിന്റെ ഫലമായാണ് ഈ മാറ്റങ്ങള്‍. കൂടുതല്‍ മേഖലകളിലേക്ക് AI വ്യാപിപ്പിക്കുന്നതനുസരിച്ച് കോര്‍പറേറ്റ് തസ്തികകളില്‍ ഇനിയും കുറവുണ്ടാകുമെന്നാണു ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സിയുടെ വിലയിരുത്തല്‍.