ലണ്ടന്‍: ബ്രിട്ടനിലെ ആഭ്യന്തര വിമാന സര്‍വീസ് കമ്പനിയായ ഈസ്റ്റേണ്‍ എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. എല്ലാ സര്‍വീസുകളും കമ്പനി സസ്‌പെന്‍ഡ് ചെയ്തതായി യുകെ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി സ്ഥിരീകരിച്ചു. അഡ്മിനിസ്‌ട്രേഷന്‍ നടപടികളിലേക്ക് കടക്കുന്നതോടെ നൂറുകണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍.
പ്രധാനമായും ബ്രിട്ടനും അയര്‍ലണ്ടും ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തിയിരുന്ന ഈസ്റ്റേണ്‍ എയര്‍വേസ്, സ്‌കോട്ടിഷ് സര്‍ക്കാരിന്റെ സഹായത്തോടെ രാജ്യത്തിന്റെ വടക്കന്‍ മേഖലയെ മെയിന്‍ലാന്‍ഡുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന യാത്രാമാര്‍ഗമായിരുന്നു.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്ന് കമ്പനി 'നോട്ടിസ് ഓഫ് ഇന്റന്‍ഷന്‍' വഴി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുദിവസത്തിനുള്ളില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് ലീഗല്‍ പ്രൊട്ടക്ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കമ്പനി കടക്കും.
1997ല്‍ ആരംഭിച്ച ഈസ്റ്റേണ്‍ എയര്‍വേസ്, വിവിധ സ്‌പോര്‍ട്‌സ് ടീമുകള്‍ക്ക് ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍ നല്‍കുന്ന പ്രധാന സേവനദാതാവായിരുന്നു. ഒരുവര്‍ഷം 13 ലക്ഷത്തോളം യാത്രക്കാരാണ് ഈ കമ്പനിയെ ആശ്രയിച്ചിരുന്നത്. നിലവില്‍ മുന്നൂറോളം ജീവനക്കാരാണ് ഈസ്റ്റേണ്‍ എയര്‍വേസില്‍ ജോലി ചെയ്യുന്നത്.