ലണ്ടന്‍: അനധികൃത ബോട്ടുകളില്‍ കടല്‍മാര്‍ഗം എത്തുന്ന അഭയാര്‍ഥികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അഭയം നല്‍കുന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി അവസാനിപ്പിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പായി ഈ ധൂര്‍ത്ത് അവസാനിപ്പിക്കാതെ രാഷ്ട്രീയമായി നിലനില്‍ക്കാനാകില്ലെന്ന തിരിച്ചറിവാണ് ലേബര്‍ സര്‍ക്കാരിനെ കനത്ത നടപടികളിലേക്ക് നയിച്ചത്.
ഹോട്ടല്‍ പദ്ധതിക്ക് പകരമായി, മിലിറ്ററി ബാരക്കുകളിലും വ്യവസായ പാര്‍ക്കുകളിലും താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കാനാണ് ഹോം ഓഫിസ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തില്‍ സ്‌കോട്ലന്‍ഡിലെ ഇന്‍വേര്‍നസിലും സതേണ്‍ ഇംഗ്ലണ്ടിലെ ക്രോബറോയിലുമാണ് 900 അഭയാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ താമസ സൗകര്യം ഒരുക്കുന്നത്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഹോം ഓഫിസിനും പ്രതിരോധ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫിസും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2023ല്‍ 56,000 അഭയാര്‍ഥികളായിരുന്നു ഹോട്ടലുകളില്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ ഈ എണ്ണം 32,000 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ 210 ഉന്നത നിലവാരമുള്ള ഹോട്ടലുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഹോട്ടല്‍ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവിട്ട നികുതിപണം ശതകോടികളാണ്.
മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ അഭയാര്‍ഥികളെ ഉഗാണ്ടയിലേക്ക് നാടുകടത്താനുള്ള പദ്ധതി കോടതി തടഞ്ഞതുപോലെ, പുതിയ പദ്ധതിയും തടസ്സപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ഡോര്‍സെറ്റിലെ തുറമുഖതീരത്ത് ബാര്‍ജുകളില്‍ പാര്‍പ്പിക്കാന്‍ ഋഷി സുനാക് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഫലപ്രാപ്തിയുണ്ടായിരുന്നില്ല. അതിനുശേഷമാണ് ഇപ്പോഴത്തെ പുതിയ നീക്കങ്ങള്‍.
സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയ ശേഷമേ പുതിയ താമസ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ. മാസങ്ങള്‍ക്കുള്ളില്‍ എല്ലാ അഭയാര്‍ഥി ഹോട്ടലുകളും അടച്ചുപൂട്ടുക എന്നതാണ് ഹോം ഓഫിസ് ലക്ഷ്യമിടുന്നത്.