ലണ്ടന്‍/കൊല്ലം: കൊല്ലം ചവറയില്‍ വീടിന് സമീപത്തുള്ള കൈത്തോട്ടില്‍ വീണു നാലര വയസ്സുകാരന്‍ അറ്റ്‌ലാന്‍ അനീഷ് മരിച്ചതില്‍ യുകെയിലെ മലയാളികള്‍ ദുഃഖത്തില്‍. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ വേക്ക്ഫീല്‍ഡില്‍ കുടുംബമായി താമസിക്കുന്ന അനീഷ് ബ്രഹ്‌മവാലി-ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകനാണ് അറ്റ്‌ലാന്‍.
യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രൈറ്റണില്‍ ഫാര്‍മസി പഠനം പൂര്‍ത്തിയാക്കിയ അനീഷ്, ജോലി സംബന്ധമായി ഭാര്യയോടൊപ്പം യുകെയില്‍ താമസിക്കുകയാണ്. അറ്റ്‌ലാന്‍ ഇപ്പോള്‍ ചവറയില്‍ അമ്മയുടെ കുടുംബവീട്ടിലായിരുന്നു താമസം. നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളില്‍ പഠിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 3.30ന് സ്‌കൂള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയ അറ്റ്‌ലാന്‍, അപ്പൂപ്പന്‍ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് തോട്ടില്‍ വീണത്. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തു കയറുമ്പോള്‍ അപ്പൂപ്പന്റെ കൈ തട്ടി അറ്റ്‌ലാന്‍ പുറത്തേക്ക് ഓടിപ്പോയതായിരുന്നു. ഉടന്‍ തന്നെ തിരയലിനിറങ്ങിയെങ്കിലും കണ്ടെത്താനായില്ല.
വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ തോട്ടിലെ വെള്ളക്കെട്ടില്‍ വീണ നിലയില്‍ അറ്റ്‌ലാനെ കണ്ടെത്തി. ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.