ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പടക്കം എറിയല്‍ സ്റ്റണ്ടിനിടെ എട്ട് വയസ്സുള്ള പെണ്‍കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ ലണ്ടന്‍ ആസ്ഥാനമായുള്ള യൂട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സാം പെപ്പറിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. റോക്കറ്റ് പടക്കങ്ങള്‍ ആളുകള്‍ക്ക് നേരെ എറിയുന്നതിനിടെ, അതില്‍ ഒന്ന് കുട്ടിയുടെ ദേഹത്ത് വീണതായാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. പൊള്ളലേറ്റ കുട്ടിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടതായും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. എന്നാല്‍, അങ്ങനെ സംഭവിച്ചിട്ടില്ലെന്നും സംഭവം പര്‍വ്വതീകരിച്ചു കാണിക്കുകയാണെന്നും മറ്റൊരു വിഭാഗം പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പെപ്പര്‍ ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുകയും, കൂടുതല്‍ ചിന്തിച്ചിരുന്നെങ്കില്‍ അത്തരമൊരു പ്രവൃത്തി ഒഴിവാക്കാമായിരുന്നെന്നും, സംഭവത്തില്‍ താന്‍ ദുഃഖിതനാണെന്നും വ്യക്തമാക്കി. പരിക്കേറ്റ കുട്ടിയോട് ക്ഷമ ചോദിച്ച പെപ്പര്‍, ചികിത്സാ ചെലവുകള്‍ താന്‍ വഹിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യയോടുള്ള തന്റെ ഇഷ്ടം ചൂണ്ടിക്കാട്ടിയ യുവാവ്, നാല് മാസത്തിലധികം ഇന്ത്യയില്‍ ചെലവഴിച്ചിട്ടുണ്ടെന്നും പറഞ്ഞു.
അതേസമയം, അപകടകരമായ പ്രകടനത്തെത്തുടര്‍ന്ന് കിക്ക് (Kick) പ്ലാറ്റ്ഫോമില്‍ നിന്നും ഗെയിമിംഗ് സ്ട്രീമിംഗ് സൈറ്റായ പംപ്.ഫണ്‍ (Pump.fun) ഉള്‍പ്പെടെ നിരവധി ചാനലുകളില്‍ നിന്നും പെപ്പറിനെ വിലക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
Posts from the criticalthinkingindia
community on Reddit