Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=112.0951 INR
ukmalayalampathram.com
Wed 20th May 2026
 
 
UK Special
  Add your Comment comment
ഉപരോധ നിലപാടില്‍ അയവ്; റഷ്യന്‍ എണ്ണ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ബ്രിട്ടന്‍ നീക്കം
reporter

ലണ്ടന്‍: യുക്രെയ്നിനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ അയവ് വരുന്നതായി സൂചന. ആഗോള ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് റഷ്യയുമായി ബന്ധപ്പെട്ട ഡീസലും ജെറ്റ് ഇന്ധനവും വാങ്ങാന്‍ ബ്രിട്ടന്‍ നീക്കം തുടങ്ങി. എണ്ണവില നിയന്ത്രണാതീതമായി ഉയര്‍ന്നതോടെയാണ് നിലപാടില്‍ താല്‍ക്കാലിക മാറ്റത്തിന് ബ്രിട്ടന്‍ തയ്യാറായത്. ആഗോള എണ്ണവിലയിലെ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിലുള്ള ഉപരോധ ഇളവ് അമേരിക്ക കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഊര്‍ജക്ഷാമം നേരിടുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി കടല്‍മാര്‍ഗം റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അനുവദിച്ച ഇളവുകളാണ് ബ്രിട്ടനും ഉപയോഗപ്പെടുത്തുന്നത്.

പുതിയ നിയമപ്രകാരം, റഷ്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ശുദ്ധീകരിച്ച റഷ്യന്‍ എണ്ണ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ബാധകമാകില്ല. ഇതുവഴി ബ്രിട്ടനിലെ കമ്പനികള്‍ക്ക് റഷ്യന്‍ എണ്ണയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കൂടുതലായി വാങ്ങാന്‍ സാധിക്കും. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള നേരിട്ടുള്ള എണ്ണ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മൂന്നാം രാജ്യങ്ങളില്‍ ശുദ്ധീകരിച്ച എണ്ണ ഉല്‍പന്നങ്ങള്‍ യൂറോപ്പ് തുടര്‍ന്നും വാങ്ങിയിരുന്നു.

ഇന്ത്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ ശുദ്ധീകരണശാലകളില്‍ നിന്നുള്ള എണ്ണ ഉല്‍പന്നങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതലായി വാങ്ങിയിരുന്നത്. ഇപ്പോഴത്തെ ഇളവ് ബ്രിട്ടന്റെ ഉപരോധ നിലപാടില്‍ ഇരട്ടത്താപ്പാണെന്ന വിമര്‍ശനത്തിനും വഴിവെച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പ് ബ്രിട്ടനില്‍ വിലക്കയറ്റം രൂക്ഷമാക്കിയിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ വില ഉയര്‍ന്നതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായ സാഹചര്യത്തിലാണ് റഷ്യന്‍ എണ്ണ ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള നീക്കം. ആഗോളതലത്തില്‍ ക്രൂഡ് വില ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷസാധ്യതയും ഇറാന്‍-അമേരിക്ക സമാധാന ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്താത്തതുമാണ് എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമെന്ന് വിലയിരുത്തുന്നു.

 
Other News in this category

 
 




 
Close Window