Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ഹന്റ വൈറസ് ഭീഷണി; ബ്രിട്ടനിലെ മലിനജല എലികളിലേക്ക് രോഗം പടരാമെന്ന് മുന്നറിയിപ്പ്
reporter

ലണ്ടന്‍: ഹന്റ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന ബ്രിട്ടീഷുകാരില്‍നിന്ന് രോഗം മലിനജലത്തിലെ എലികളിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുമായി ആരോഗ്യ വിദഗ്ധര്‍. അങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടനിലെ മലിനജല ശൃംഖലയിലുടനീളം കഴിയുന്ന ലക്ഷക്കണക്കിന് എലികളിലൂടെ വൈറസ് വ്യാപകമായി പടരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹന്റ വൈറസിന്റെ ആന്‍ഡെസ് വകഭേദമാണ് ശാസ്ത്രലോകത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്ക് രോഗകാരികള്‍ പകരുന്ന പ്രക്രിയയെ ''റിവേഴ്സ് സൂനോസിസ്'' എന്നാണ് വിശേഷിപ്പിക്കുന്നത്. അര്‍ജന്റീനയില്‍ നീണ്ട വാലുകളുള്ള പിഗ്മി ഇനത്തില്‍പ്പെട്ട എലികളിലൂടെയാണ് ഈ വൈറസ് മുന്‍പ് വ്യാപിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഹന്റ വൈറസ് ബാധിച്ച എം വി ഹോണ്ഡിയസ് കപ്പലിലുണ്ടായിരുന്ന ബ്രിട്ടീഷുകാരോ, അവരുടെ അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്നവരോ രോഗബാധിതരായിരിക്കാമെന്നാണ് വിദഗ്ധരുടെ സംശയം. ഇവരിലൂടെ മലിനജല സംവിധാനങ്ങളിലേക്ക് വൈറസ് എത്തിയാല്‍ അത് എലികളിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും ആശങ്ക ഉയരുന്നു.

അതേസമയം, ബ്രിട്ടനിലെ മലിനജല ഓവുകളില്‍ കഴിയുന്ന ബ്രൗണ്‍ എലികള്‍ക്ക് ഹന്റ വൈറസ് ബാധിക്കുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ല. എന്നാല്‍ വൈറസ് പകരില്ലെന്ന് ഉറപ്പിച്ച് പറയാനും കഴിയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടനിലെ മലിനജല ശൃംഖലകളില്‍ ലക്ഷക്കണക്കിന് എലികളാണ് കഴിയുന്നത്. ഇതില്‍ 20 മുതല്‍ 50 ശതമാനം വരെ എലികളില്‍ ഇതിനോടകം ഹന്റ വൈറസിന്റെ സിയോള്‍ വകഭേദത്തിന്റെ സാന്നിധ്യമുണ്ടാകാമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പരിണാമശാസ്ത്ര പഠനങ്ങളില്‍ ''റിവേഴ്സ് സൂനോസിസ്'' അപൂര്‍വമാണെങ്കിലും, അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യരില്‍നിന്ന് എലികളിലേക്കും പിന്നീട് വീണ്ടും മനുഷ്യരിലേക്കും രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫസര്‍ മൈക്കല്‍ മാര്‍ക്സ് വ്യക്തമാക്കി. വൈറസ് ബാധിച്ച എലികള്‍ മറ്റ് എലികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ മാത്രമേ രോഗവ്യാപന സാധ്യത വര്‍ധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും രോഗവ്യാപന ഭീഷണിയും

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രോഗവാഹകരായ ചെറുപ്രാണികളുടെ ആവാസവ്യവസ്ഥ മാറുന്നതും ബ്രിട്ടനില്‍ പുതിയ രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുന്‍പ് ഉഷ്ണമേഖലാ രാജ്യങ്ങളില്‍ മാത്രം കണ്ടുവരാറായിരുന്ന രോഗങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ബ്രിട്ടന്‍ വിവിധ വിദേശരാജ്യങ്ങള്‍ക്കുള്ള ധനസഹായം കുറച്ചതോടെ അവിടങ്ങളിലെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായതും പുതിയ രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമായതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷമാണ് അതീവ അപകടകാരിയായ വെസ്റ്റ് നൈല്‍ വൈറസിനെ ബ്രിട്ടനിലെ കൊതുകുകളില്‍ ആദ്യമായി കണ്ടെത്തിയത്. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്ക തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളെപ്പോലെ തന്നെ ഇവയും മുമ്പ് പ്രധാനമായും ഉഷ്ണമേഖലാ മേഖലകളിലായിരുന്നു കണ്ടിരുന്നത്. ആഗോളതാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 2060ഓടെ യൂറോപ്പില്‍ ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും അഞ്ചിരട്ടിവരെ വര്‍ധിക്കാമെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ റോബര്‍ട്ട് ജോണ്‍സ് മുന്നറിയിപ്പ് നല്‍കുന്നത്.

 
Other News in this category

 
 




 
Close Window