ലണ്ടന്‍: യുകെയിലേക്ക് കുടിയേറുന്ന മലയാളി കുടുംബങ്ങള്‍ക്കിടയില്‍ ഗാര്‍ഹിക പീഡന കേസുകളും കുടുംബ തകര്‍ച്ചകളും വര്‍ധിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകരും നിയമ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. കുടുംബ തര്‍ക്കങ്ങള്‍, സാമ്പത്തിക സമ്മര്‍ദം, സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍, ഏകാന്തത, ജോലി സാഹചര്യങ്ങള്‍ എന്നിവയെല്ലാം പല കുടുംബങ്ങളെയും ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായാണ് വിലയിരുത്തല്‍. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഭാര്യയെ മര്‍ദിച്ച കേസില്‍ മലയാളി യുവാവ് അറസ്റ്റിലായ സംഭവം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. വീട്ടില്‍ നിന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ യുവാവിനെ കൈവിലങ്ങണിയിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയിലില്‍ കഴിഞ്ഞിരുന്ന മറ്റ് മൂന്ന് മലയാളികളെയും കണ്ടതായി ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇംഗ്ലണ്ടിലെ ലിവര്‍പൂളിന് സമീപം നടന്ന മറ്റൊരു സംഭവത്തില്‍, കുടുംബ തര്‍ക്കത്തിനിടെ ഭാര്യ ആത്മഹത്യാശ്രമം നടത്തിയതോടെ ഭര്‍ത്താവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. രക്തം വാര്‍ന്ന നിലയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് യുവതി മൊഴി മാറ്റിയതോടെ അറസ്റ്റ് ഒഴിവായി. തുടര്‍ന്ന് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. മാഞ്ചസ്റ്ററില്‍ നടന്ന മറ്റൊരു സംഭവത്തില്‍, പഠന വിസയില്‍ യുകെയിലെത്തിയ ഭാര്യയുടെ ജീവിതശൈലിയില്‍ ഉണ്ടായ മാറ്റം കുടുംബ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചതായി പറയുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വീടുവിട്ടിറങ്ങി റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രി കഴിക്കേണ്ട സാഹചര്യം വരെ ഉണ്ടായി. പിന്നീട് ബന്ധം പൂര്‍ണമായും തകരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കെന്റില്‍ നടന്ന മറ്റൊരു സംഭവത്തില്‍, വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുമ്പ് തന്നെ ദമ്പതികള്‍ തമ്മിലുള്ള കലഹം പൊലീസ് കേസിലും ജയിലിലും വിവാഹമോചന നടപടികളിലുമെത്തി. പരസ്പര മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
'റോള്‍ റിവേഴ്‌സല്‍' കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു
20 വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന സീനിയര്‍ മെന്റല്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ ജിജോ തോമസ് കാവുങ്കല്‍ പറയുന്നതനുസരിച്ച്, യുകെയിലെത്തിയ ശേഷം കുടുംബങ്ങളില്‍ ഉണ്ടാകുന്ന 'റോള്‍ റിവേഴ്‌സല്‍' പലപ്പോഴും ഈഗോ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകളെതിരായ ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സോഷ്യല്‍ മീഡിയയും അവിഹിത ബന്ധങ്ങളും
യുകെയിലെ ഏകാന്ത ജീവിതവും കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകലം കൂടി സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പഴയ ബന്ധങ്ങള്‍ പുതുക്കുന്നതും പുതിയ ബന്ധങ്ങളിലേയ്ക്ക് കടക്കുന്നതും പലപ്പോഴും കുടുംബ തകര്‍ച്ചയിലേയ്ക്കും അവിഹിത ബന്ധങ്ങളിലേയ്ക്കും നയിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
'കോയേഴ്‌സീവ് കണ്‍ട്രോള്‍' പോലും കുറ്റം
യുകെയിലെ നിയമപ്രകാരം ശാരീരിക മര്‍ദനം മാത്രമല്ല, 'കോയേഴ്‌സീവ് കണ്‍ട്രോള്‍' എന്ന പേരിലുള്ള മാനസികവും സാമ്പത്തികവുമായ നിയന്ത്രണങ്ങളും ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരും. പങ്കാളിയുടെ ഫോണ്‍ പരിശോധിക്കല്‍, ബാങ്ക് അക്കൗണ്ട് നിയന്ത്രിക്കല്‍, ആരെ കാണണം എന്ന് നിര്‍ദേശിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയും കുറ്റകരമാണ്.
കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം
മാതാപിതാക്കളുടെ കലഹം കുട്ടികള്‍ കാണുന്നത് പോലും 'വൈകാരിക പീഡനം' ആയി കണക്കാക്കപ്പെടും. വീട്ടില്‍ പൊലീസ് എത്തിയാല്‍ സോഷ്യല്‍ സര്‍വീസിനെയും വിവരം അറിയിക്കും. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് കണ്ടെത്തിയാല്‍ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണത്തിലാക്കാനും നിയമം അനുവദിക്കുന്നു.
നിയമ ബോധവല്‍ക്കരണവും കൗണ്‍സിലിങ്ങും അനിവാര്യം
യുകെയിലെ നിയമങ്ങളെക്കുറിച്ചുള്ള അവബോധക്കുറവും കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നങ്ങള്‍ വഷളാകുന്നതിന് മുമ്പ് പ്രൊഫഷണല്‍ കൗണ്‍സിലിങ് തേടുകയും പരസ്പര ബഹുമാനവും വിട്ടുവീഴ്ച മനോഭാവവും വളര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നാണ് നിര്‍ദേശം.
സഹായത്തിനായി ഹെല്‍പ് ലൈനുകളും സംഘടനകളും
ഗാര്‍ഹിക പീഡനത്തിനിരയാകുന്നവര്‍ക്കായി യുകെയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ലഭ്യമാണ്. സ്ത്രീകള്‍ക്കൊപ്പം പീഡനം നേരിടുന്ന പുരുഷന്മാര്‍ക്കായും പ്രത്യേക സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആയിരത്തിലേറെ മലയാളി അസോസിയേഷനുകളും യുകെയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടിയന്തര സാഹചര്യങ്ങളില്‍ ഇവരുടെ സഹായം തേടാവുന്നതാണെന്നും സാമൂഹിക പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു.