പതിനെട്ട് മാസമായി കണ്ണീരോടെ നീതിക്കായി കാത്തിരിക്കുന്ന സുദേഷ് കുമാരിയും ഭര്‍ത്താവ് സത്ബീര്‍ ബ്രെല്ലയും മകള്‍ സോണിയ ദബാസും സോണിയയുടെ രണ്ട് മക്കളും യുകെയിലെത്തിയത് ഹൃദയഭാരത്തോടെയാണ്. നോര്‍ത്താംപ്ടണ്‍ഷെയറിലെ കോര്‍ബിയിലാണ് കുടുംബം ഇപ്പോള്‍ കഴിയുന്നത്. 2024 നവംബര്‍ 10-ന് വൈകുന്നേരം 6.30-ന് അവസാനമായി ജീവനോടെ ഹര്‍ഷിത ബ്രെല്ലയെ സിസിടിവിയില്‍ കണ്ടത് ഇവിടെയായിരുന്നു. അതിനുശേഷം ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവ് പങ്കജ് ലാംബ ഹര്‍ഷിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിന്നീട് മൃതദേഹം കണ്ടെത്തിയെങ്കിലും മുഖ്യപ്രതിയായ പങ്കജ് ലാംബയെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായി സംശയിക്കുന്നു.
''മമ്മി, നിങ്ങളെ ഞാന്‍ ഇവിടെ കൊണ്ടുവരും''
''മമ്മി, ഞാന്‍ നിങ്ങളെ ഇവിടെ കൊണ്ടുവരും'' എന്ന് ഹര്‍ഷിത പലപ്പോഴും അമ്മയോട് പറയാറുണ്ടായിരുന്നുവെന്ന് സുദേഷ് കുമാരി ഓര്‍ക്കുന്നു. മെച്ചപ്പെട്ട ജീവിതത്തില്‍ മകളെ കാണാന്‍ ഒരുനാള്‍ യുകെയിലെത്താമെന്നായിരുന്നു കുടുംബത്തിന്റെ സ്വപ്നം. എന്നാല്‍ ഇന്ന് മകളുടെ ചിത്രം കൈയില്‍ പിടിച്ച് നീതി തേടി അതേ നാട്ടിലെത്തേണ്ടിവന്നതിന്റെ വേദനയിലാണ് കുടുംബം. അനിയത്തി ഇപ്പോഴും ഇവിടെ ഉണ്ടെന്ന തോന്നലാണെന്ന് ഹര്‍ഷിതയുടെ ചേച്ചിയായ സോണിയ ദബാസ് പറയുന്നു. ''ഞങ്ങളെ കണ്ടാല്‍ അവള്‍ സന്തോഷത്തോടെ സംസാരിക്കുമായിരുന്നു. പക്ഷേ അത് ഇനി ഒരിക്കലും നടക്കില്ല,'' എന്ന് സോണിയ കണ്ണീരോടെ പറഞ്ഞു.
പൊലീസിനെതിരെ കുടുംബത്തിന്റെ രൂക്ഷ വിമര്‍ശനം
കൊലയാളിയെ പിടികൂടാന്‍ മാത്രമല്ല, കൊലപാതകം തടയാനും ബ്രിട്ടീഷ് പൊലീസ് പരാജയപ്പെട്ടുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഹര്‍ഷിത ഗാര്‍ഹിക പീഡനം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അവള്‍ അഭയകേന്ദ്രത്തിലേക്ക് മാറുകയും ചെയ്തു. പങ്കജ് ലാംബയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന വ്യവസ്ഥയില്‍ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഗാര്‍ഹിക പീഡന സംരക്ഷണ ഉത്തരവ് നാല് ആഴ്ചയ്ക്ക് ശേഷം കാലഹരണപ്പെട്ടതായും കുടുംബം ചൂണ്ടിക്കാട്ടുന്നു. ''ബ്രിട്ടനിലെ പൊലീസ് വളരെ കാര്യക്ഷമമാണെന്ന് കരുതിയിരുന്നു. പക്ഷേ അവര്‍ ഞങ്ങളെ രണ്ടുതവണ നിരാശപ്പെടുത്തി,'' എന്നാണ് ഹര്‍ഷിതയുടെ പിതാവ് സത്ബീര്‍ ബ്രെല്ലയുടെ പ്രതികരണം. മകള്‍ക്ക് ബ്രിട്ടീഷ് പൗരത്വമില്ലാത്തതിനാല്‍ അധികൃതര്‍ കേസ് ഗൗരവമായി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
മൃതദേഹം കണ്ടെത്തിയത് കാറിന്റെ ഡിക്കിയില്‍
ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് ഹര്‍ഷിതയുടെ മൃതദേഹം കണ്ടെത്തിയത്. നോര്‍ത്താംപ്ടണ്‍ഷയറില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ ഇല്‍ഫോര്‍ഡിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസിന്റെ നിഗമനം. ഹര്‍ഷിതയ്ക്ക് ഭീഷണിയുണ്ടെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കോര്‍ബിയിലെ ഇവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
വിവാഹത്തിന് പിന്നാലെ യുകെയിലേക്ക്
2023 ഓഗസ്റ്റിലായിരുന്നു ഹര്‍ഷിതയും പങ്കജ് ലാംബയും വിവാഹിതരായത്. തുടര്‍ന്ന് 2024 ഏപ്രിലില്‍ ഡല്‍ഹിയില്‍ നിന്ന് യുകെയിലേക്ക് താമസം മാറി. അന്വേഷണത്തിനിടെ ഹര്‍ഷിത ദീര്‍ഘകാലമായി ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ കടുത്ത വഴക്കുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. പങ്കജിന്റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത ഒരിക്കല്‍ വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയതായും കുടുംബം വെളിപ്പെടുത്തി.
സ്ത്രീധന കേസില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍
കേസില്‍ സ്ത്രീധന നിരോധന നിയമപ്രകാരം പങ്കജ് ലാംബയുടെ മാതാപിതാക്കളായ ദര്‍ശന്‍ സിങ്ങിനെയും സുനില്‍ ദേവിയെയും ഇന്ത്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ പങ്കജ് ലാംബ ഇപ്പോഴും ഒളിവിലാണ്. ഹര്‍ഷിതയുടെ കൊലപാതകത്തിന് പിന്നിലെ മുഴുവന്‍ സത്യവും പുറത്തുകൊണ്ടുവന്ന് പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യമുയര്‍ത്തി ഇന്നും നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം.