ലണ്ടന്‍: ക്രിപ്‌റ്റോ കറന്‍സി ഇടപാടിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ യുകെ മലയാളിയോട് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ കോട്ടയം സെഷന്‍സ് കോടതി നിര്‍ദേശിച്ചു. എറണാകുളം എളംകുളം സ്വദേശിയും യുകെയിലെ നോര്‍താംപ്റ്റണില്‍ താമസക്കാരനുമായ സുഭാഷ് ജോര്‍ജ് മാനുവലിനോടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ യുകെയില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് വിവരം. കറുകച്ചാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ മുന്നൂറ്റിപ്പത്തൊന്‍പത് രണ്ടായിരത്തി ഇരുപത്താറ് കേസിലാണ് കോടതി ഉത്തരവ്. സുഭാഷ് ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, നിലവില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന നിരീക്ഷണത്തിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ കേസ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതായതിനാല്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മുന്നൂറ് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി
ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ്ങിലൂടെ മുന്നൂറ് ഇരട്ടി വരെ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് സുഭാഷ് ജോര്‍ജിനെതിരായ പരാതി. പരാതിക്കാരിയെയും ഭര്‍ത്താവിനെയും മകനെയും പ്രലോഭിപ്പിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പ്രതിയുടെ ഉടമസ്ഥതയിലുള്ള ബീ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം മാറ്റിച്ചുവെന്നാണ് ആരോപണം. രണ്ടായിരത്തി ഇരുപത് മുതല്‍ രണ്ടായിരത്തി ഇരുപത്തിമൂന്ന് വരെയുള്ള കാലയളവില്‍ തൊണ്ണൂറ്റി ഒന്‍പത് ലക്ഷത്തി നാലായിരത്തി മുപ്പത് രൂപ ഇത്തരത്തില്‍ തട്ടിയെടുത്തുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ വഞ്ചന, വിശ്വാസവഞ്ചന, പൊതുവായ ഉദ്ദേശ്യം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമ വകുപ്പുകളും വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് അറുപത്തിയാറ് സി പ്രകാരവും കറുകച്ചാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതിക്കെതിരായ കുറ്റങ്ങള്‍ ഗൗരവമേറിയതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അജി ജോസഫ് കോടതിയില്‍ വാദിച്ചു. പ്രതി പത്ത് ദിവസത്തിനകം രാവിലെ ഒന്‍പത് മണിക്കും പത്ത് മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി കീഴടങ്ങണമെന്നാണ് കോടതി നിര്‍ദേശം. ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കില്‍ ഇരുപത്തയ്യായിരം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും സ്വീകരിച്ച് പ്രതിയെ വിട്ടയക്കാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം, അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം, സാക്ഷികളെയോ പരാതിക്കാരെയോ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളും ഉത്തരവിലുണ്ട്.
നിക്ഷേപകരെ ഭീഷണിപ്പെടുത്തിയെന്നാരോപണം
പരാതിക്കാരായ നിക്ഷേപകരെ ഭയപ്പെടുത്തുന്നതിനായി കോടികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിരവധി വക്കീല്‍ നോട്ടീസുകള്‍ അയച്ചതായും ആരോപണമുണ്ട്. പരാതികള്‍ പിന്‍വലിപ്പിക്കാനും പരാതിക്കാരുടെ അഭിഭാഷകനെ സ്വാധീനിച്ച് പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നതായി യുകെയില്‍ ഇയാളുടെ തട്ടിപ്പിന് ഇരയായ മലയാളി ആരോപിച്ചു. യുകെ പൊലീസിനെയും കേരള പൊലീസിനെയും ഉപയോഗിച്ച് കള്ളക്കേസ് എടുപ്പിക്കാന്‍ ശ്രമമുണ്ടായെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. എറണാകുളം എളംകുളത്തെ വീട്ടില്‍ സുഭാഷിനെ കാണാന്‍ ശ്രമിച്ച നിക്ഷേപകരെ ഇയാളും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയില്‍ എറണാകുളം ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ഇയാളെ അന്വേഷിച്ച് പൊലീസ് എത്തിയെങ്കിലും സുഭാഷ് വിദേശത്തേക്ക് കടന്നതായാണ് വിവരം.
കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്
യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ നിരവധി പേര്‍ ക്രിപ്‌റ്റോ ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. ഇതിനകം കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ എത്തിയിട്ടുണ്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ സുഭാഷ് തട്ടിയെടുത്തുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. യുകെയില്‍ കേംബ്രിഡ്ജ് മുന്‍ മേയറും സുപ്രീം കോടതി അഭിഭാഷകനും ക്രിമിനല്‍ അഭിഭാഷകനുമായ സോളിസിറ്റര്‍ അഡ്വക്കേറ്റ് കൗണ്‍സിലര്‍ ബൈജു തിട്ടാലയും കേരളത്തില്‍ അഭിഭാഷകരായ കെ.ആര്‍. സുമേഷ്, ജിന്‍സ് ടി. തോമസ് എന്നിവരുമാണ് പരാതിക്കാര്‍ക്ക് വേണ്ടി നിയമസഹായം നല്‍കുന്നത്.