|
2018 ഡിസംബറില്‍ പാലോലെമില്‍ വെച്ച് 48 വയസ്സുകാരിയായ ബ്രിട്ടീഷ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തില്‍, ചെന്നൈ സ്വദേശിയായ ഒരാളെ സൗത്ത് ഗോവ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ചെന്നൈ സ്വദേശിയായ രാമചന്ദ്രന്‍ ചെന്‍ഡയെല്ലപ്പയാണ് അവരെ ബലമായി റോഡരികിലുള്ള നെല്‍പ്പാടത്തെത്തിച്ച് ബലാത്സംഗം ചെയ്തത്.
അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം ഇരയുടെ കണ്ണില്‍ ക്രൂരമായി ഇടിക്കുകയും അവരെ ശ്വസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതായി കോടതിയില്‍ വെളിപ്പെടുത്തി. അതിനു ശേഷം 20,000 രൂപയും, പാസ്സ്പോര്‍ട്ടും ഡിബിറ്റ്കാര്‍ഡ് ഉള്‍പ്പടെ മറ്റ് പല വിലപിടിച്ച സാധനങ്ങളും അടങ്ങിയ മൂന്ന് ബാഗുമായി പിന്നീട് ഇയാള്‍ അവിടെനിന്നും കടന്നു കളയുകയായിരുന്നു. തൊട്ടടുത്തുള്ള ഒരു വീട്ടില്‍ അഭയം തേടിയ ഇര അവിടെ നിന്നായിരുന്നു കാര്യം തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്.
പ്രോസിക്യൂഷന്‍ കേസ് പ്രകാരം, കനക്കോണ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് താമസസ്ഥലത്തേക്ക് അതിരാവിലെ മടങ്ങുകയായിരുന്ന യുവതിയെ പ്രതി തടഞ്ഞുനിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കുകയും, തുടര്‍ന്ന് പണം, പാസ്പോര്‍ട്ട്, ബാങ്ക് കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവരുടെ സാധനങ്ങളുമായി കടന്നുകളയുകയുമായിരുന്നു. 22 സാക്ഷികളെ വിസ്തരിച്ച ശേഷം, രാമചന്ദ്രന്‍ എന്ന് തിരിച്ചറിഞ്ഞ പ്രതിയെ ഐപിസി 376, 392, 394 വകുപ്പുകള്‍ പ്രകാരം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഷര്‍മിള പാട്ടീല്‍ കുറ്റക്കാരനെന്ന് വിധിച്ചു. തെളിവ് നശിപ്പിച്ചെന്ന കുറ്റത്തില്‍ (വകുപ്പ് 201) നിന്ന് ഇയാളെ വെറുതെവിട്ടു. വിചാരണയ്ക്കിടെ, 2019 ജൂണില്‍ കോടതി വളപ്പില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് ഇയാളെ വീണ്ടും പിടികൂടി. |