Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2157 INR  1 EURO=110.5094 INR
ukmalayalampathram.com
Sun 30th Aug 2026
 
 
UK Special
  Add your Comment comment
ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ്; അന്തിമ പത്തില്‍ മലയാളി ഡോ. അജിമോള്‍ പ്രദീപ്
reporter

ലണ്ടന്‍: ബ്രിട്ടിഷ് എംപയര്‍ മെഡല്‍ (ബി.ഇ.എം.) ജേതാവായ മലയാളി നഴ്‌സിങ് വിദഗ്ധ ഡോ. അജിമോള്‍ പ്രദീപിന് വീണ്ടും ആഗോള അംഗീകാരത്തിന്റെ നേട്ടം. രണ്ടര ലക്ഷം യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡിന്റെ അന്തിമ പത്ത് ഫൈനലിസ്റ്റുകളില്‍ ഒരാളായി അജിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച 1.34 ലക്ഷം അപേക്ഷകളില്‍ നിന്നാണ് പത്ത് പേരെ അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര നഴ്‌സസ് ദിനമായ മേയ് 12നാണ് ഫൈനലിസ്റ്റുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്ന് അജിമോളെ കൂടാതെ മറ്റൊരാളും അന്തിമ പട്ടികയിലുണ്ട്. സ്വീഡന്‍, സൗദി അറേബ്യ, ചൈന, കൊളംബിയ, നമീബിയ, നൈജീരിയ, പാപുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് ഫൈനലിസ്റ്റുകള്‍. രോഗീപരിചരണം, നഴ്‌സിങ് ലീഡര്‍ഷിപ്പ്, നഴ്‌സിങ് വിദ്യാഭ്യാസം, സാമൂഹിക-സാമുദായിക സേവനം, ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. നഴ്‌സിങ് ലീഡര്‍ഷിപ്പ്, വിദ്യാഭ്യാസം, അവയവദാന മേഖല എന്നിവയില്‍ അജിമോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവരെ അന്തിമ പത്തില്‍ എത്തിച്ചത്.

ബ്രിട്ടനില്‍ കെയര്‍ വിസയിലെത്തി വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന പതിനായിരത്തോളം നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസ് കടമ്പയില്ലാതെ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ (എന്‍.എം.സി.) രജിസ്‌ട്രേഷന്‍ ലഭ്യമാക്കുന്നതിന് വഴിയൊരുക്കിയ നടപടികള്‍ക്ക് പിന്നിലും അജിമോളുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. നഴ്‌സിങ് വിദ്യാഭ്യാസവും ബ്രിട്ടനിലെ ദീര്‍ഘകാല ജോലിപരിചയവും പരിഗണിച്ച് ഇവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന അജിമോളുടെ വാദം എന്‍.എം.സി. അംഗീകരിക്കുകയായിരുന്നു. 2008 മുതല്‍ അവയവമാറ്റ ശസ്ത്രക്രിയാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അജിമോള്‍ക്ക് ഈ രംഗത്തെ സേവനങ്ങള്‍ പരിഗണിച്ചാണ് 2018ല്‍ ബ്രിട്ടിഷ് എംപയര്‍ മെഡല്‍ ലഭിച്ചത്. ബ്രിട്ടനിലെ അവയവദാന മേഖലയ്ക്ക് വര്‍ഷങ്ങളായി നല്‍കിയ സംഭാവനകളായിരുന്നു അംഗീകാരത്തിന് വഴിയൊരുക്കിയത്. നഴ്‌സായാണ് അജിമോള്‍ ബ്രിട്ടനിലെത്തിയത്. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ പ്രവര്‍ത്തിക്കവെ ഈ രംഗത്ത് ബിരുദാനന്തര ബിരുദം നേടി. പിന്നീട് ബ്രിട്ടിഷ് റീനല്‍ സൊസൈറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പോടെ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. ലണ്ടനിലെ കിങ്‌സ് കോളജില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ ഏഷ്യന്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ അവയവദാനത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും ആരോഗ്യസംവിധാനത്തില്‍ അവര്‍ നേരിടുന്ന അവഗണനകള്‍ക്കെതിരായ ഇടപെടലുകളും അജിമോളെ ശ്രദ്ധേയയാക്കി. 2013 മുതല്‍ 'ഉപഹാര്‍' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനയിലൂടെയും അജിമോള്‍ അവയവദാന ബോധവത്കരണ രംഗത്ത് സജീവമാണ്. ഉപഹാറിന്റെ ട്രസ്റ്റിമാരില്‍ ഒരാളാണ് അവര്‍. കേരളത്തിലെ അവയവദാന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമേലാണ് ഉപഹാറിന്റെ ബ്രിട്ടനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫാ. ചിറമേലിന്റെ 'കിഡ്‌നി ഫോര്‍ ലൈഫ്' പ്രവര്‍ത്തനങ്ങള്‍ക്കും അജിമോളും ഭര്‍ത്താവ് പ്രദീപും പിന്തുണ നല്‍കിവരുന്നു. ബ്രിട്ടനില്‍ മാനസിക സമ്മര്‍ദങ്ങളും ഒറ്റപ്പെടലും നേരിടുന്നവര്‍ക്ക് സഹായം നല്‍കുന്നതിനായി ആരംഭിച്ച 'കേള്‍ക്കാം' പദ്ധതിയുടെ മുഖ്യ സംഘാടകരില്‍ ഒരാളുമാണ് ഡോ. അജിമോള്‍ പ്രദീപ്. ഹെല്‍ത്ത് സര്‍വീസ് ജേണല്‍ അവാര്‍ഡ്, ബ്രിട്ടിഷ് ജേണല്‍ ഓഫ് നഴ്‌സിങ്ങിന്റെ 'നഴ്‌സ് ഓഫ് ദ ഇയര്‍' പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും നേരത്തെ ലഭിച്ചിട്ടുണ്ട്. കോട്ടയം ചുങ്കം കാനാക്കുന്നേല്‍ കെ.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ് അജിമോള്‍. കോട്ടയം ചാലുകുന്നേല്‍ കണിയാംകുളം വീട്ടില്‍ ചാക്കോ പ്രദീപ് ജേക്കബാണ് ഭര്‍ത്താവ്. കാത്തി, വാലന്റീന്‍ എന്നിവരാണ് മക്കള്‍. കുടുംബസമേതം ബ്രിട്ടനിലെ കെന്റിലെ ആഷ്‌ഫോഡിലാണ് താമസം.

 
Other News in this category

 
 




 
Close Window