Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നാലുവര്‍ഷം കൊണ്ട് സമ്പാദിച്ചത് 70 ലക്ഷം; യുകെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആലോചിച്ച് മലയാളി പ്രവാസി
reporter

ലണ്ടന്‍: യുകെയിലെ പ്രവാസി ജീവിതത്തിന്റെ ആദ്യകാല ആവേശം അവസാനിച്ചെന്നും അവിടുത്തെ യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങള്‍ മനസ്സിലാക്കിയതോടെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആലോചിക്കുകയാണെന്നും വെളിപ്പെടുത്തി 32കാരനായ മലയാളി പ്രവാസി. കഴിഞ്ഞ നാലുവര്‍ഷമായി യുകെയില്‍ പ്രോജക്ട് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ഇയാള്‍ ഏകദേശം 70 ലക്ഷം രൂപ സമ്പാദിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തി ഐടി മേഖലയില്‍ പുതിയൊരു കരിയര്‍ ആരംഭിക്കാനാണ് യുവാവിന്റെ പദ്ധതി. എന്നാല്‍ നിലവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം യാഥാര്‍ഥ്യബോധമുള്ളതാണോ അതോ വെറും വ്യാമോഹമാണോയെന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. നിലവില്‍ അവിവാഹിതനാണെന്നും സാമ്പത്തികമായി ആശ്രയിക്കുന്ന കുടുംബാംഗങ്ങളില്ലെന്നും യുവാവ് വ്യക്തമാക്കി. നാലുവര്‍ഷം മുമ്പാണ് യുകെയിലേക്ക് കുടിയേറിയതെന്ന് പറഞ്ഞ യുവാവ്, പ്രവാസജീവിതത്തിന്റെ ആദ്യത്തെ ആവേശം ഇപ്പോള്‍ നഷ്ടപ്പെട്ടതായി പറയുന്നു. ഇന്ത്യയില്‍ മികച്ച വരുമാനം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവിടെയും സന്തോഷകരമായ ജീവിതനിലവാരം പുലര്‍ത്താന്‍ സാധിക്കില്ലേയെന്ന ചിന്തയാണ് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ യുകെയുമായി താരതമ്യം ചെയ്യുമ്പോള്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന് അറിയാമെങ്കിലും അത് വലിയ പ്രശ്‌നമായി തോന്നുന്നില്ലെന്നും യുവാവ് പറയുന്നു. സാമ്പത്തിക സുരക്ഷ, ജോലിക്ക് പുറമെ വ്യക്തിജീവിതത്തിനായി കുറച്ച് സമയം, ഇടയ്ക്കിടെ യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള വരുമാനം എന്നിവ മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആര്‍ഭാടജീവിതത്തില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം കുറിച്ചു. നിലവിലെ സമ്പാദ്യം ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ കരിയര്‍ പുനരാരംഭിക്കാനാണ് പദ്ധതി. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കേണ്ട സാഹചര്യമില്ലാത്തതിനാല്‍ തുടക്കത്തില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി സ്വീകരിച്ചാലും പ്രശ്‌നമില്ലെന്നും അനുഭവസമ്പത്ത് നേടി പതുക്കെ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. യുവാവിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പ്രവാസികളാണ് സ്വന്തം അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചത്. 70 ലക്ഷം രൂപയുടെ സമ്പാദ്യത്തില്‍ സാമ്പത്തിക സുരക്ഷയുണ്ടെന്ന് തോന്നുകയും ഇന്ത്യയിലെ ജീവിതമാണ് കൂടുതല്‍ സന്തോഷം നല്‍കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍ നാട്ടിലേക്ക് മടങ്ങുന്നതില്‍ തെറ്റില്ലെന്നാണ് ഒരുപയോക്താവ് പ്രതികരിച്ചത്. അന്തിമമായി വ്യക്തിക്ക് സന്തോഷം നല്‍കുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാനഡയില്‍ കഴിയുന്ന 26കാരനായ മറ്റൊരു പ്രവാസിയും സമാന അനുഭവം പങ്കുവെച്ചു. മാസ്റ്റേഴ്‌സ് ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള തനിക്ക് ഏകദേശം 55 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്നും താനും ഇന്ത്യയിലേക്ക് മടങ്ങാന്‍ പദ്ധതിയിടുകയാണെന്നും ഇയാള്‍ പറഞ്ഞു. പ്രവാസജീവിതത്തിന്റെ തുടക്കത്തിലെ ആവേശം അവസാനിച്ചതോടെ വിദേശത്ത് ദീര്‍ഘകാലം തുടരുമ്പോഴുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് വ്യക്തമായിത്തുടങ്ങിയതായും അദ്ദേഹം കുറിച്ചു. പോസ്റ്റിന് കീഴില്‍ ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പ്രവാസികളാണ് പ്രതികരിച്ചത്. ഉയര്‍ന്ന വരുമാനം മാത്രം ജീവിതസംതൃപ്തിയുടെ മാനദണ്ഡമല്ലെന്നും കുടുംബബന്ധങ്ങള്‍, വ്യക്തിസമയം, സാമ്പത്തിക സുരക്ഷ, ജീവിതനിലവാരം എന്നിവ കൂടി പരിഗണിച്ചായിരിക്കണം വിദേശത്ത് തുടരണമോ നാട്ടിലേക്ക് മടങ്ങണമോ എന്ന തീരുമാനം എടുക്കേണ്ടതെന്നും പലരും അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window