Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
എ66 ദുരന്തവും മിഡില്‍സ്ബറോ തീപിടിത്തവും; ക്ലീവ്‌ലന്‍ഡ് പൊലീസിന് 20 ലക്ഷം പൗണ്ട് മതിയാകില്ലെന്ന് ചീഫ് കോണ്‍സ്റ്റബിള്‍
reporter

ലണ്ടന്‍/മിഡില്‍സ്ബറോ: രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം ഏഴുപേരുടെ മരണത്തിനിടയാക്കിയ എ66 റോഡ് അപകടവും പിന്നാലെ മിഡില്‍സ്ബറോയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട വീടുതീപിടിത്തവും ഉള്‍പ്പെടെ ഗുരുതര സംഭവങ്ങള്‍ തുടര്‍ച്ചയായതോടെ ക്ലീവ്‌ലന്‍ഡ് പൊലീസിന് മേല്‍ സമ്മര്‍ദം ശക്തമാകുന്നു. സംഘടിത കുറ്റകൃത്യങ്ങളും ഗുരുതര കേസുകളും നേരിടുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം പൗണ്ടിന്റെ അധിക ധനസഹായം പര്യാപ്തമല്ലെന്ന് ക്ലീവ്‌ലന്‍ഡ് പൊലീസ് ചീഫ് കോണ്‍സ്റ്റബിള്‍ വിക്ടോറിയ ഫുള്ളര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 22ന് എ66 റോഡില്‍ പൊലീസ് വാഹനവും തെറ്റായ ദിശയില്‍ എത്തിയ ഫോക്സ്വാഗണ്‍ പസാറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ പി.സി. മാത്യു ബ്ലേഡ്‌സ്, പി.സി. ടോം ക്ലോ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുമ്പ് പൊലീസ് പസാറ്റിനെ പിന്തുടരുകയായിരുന്നുവെന്നാണ് വിവരം. കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കളും അപകടത്തില്‍ മരിച്ചു.

സംഭവത്തിന് പിന്നാലെ ക്ലീവ്‌ലന്‍ഡ് പൊലീസ് വിപുലമായ അന്വേഷണം ആരംഭിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഘടിത കുറ്റകൃത്യ സംഘങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റ് പൊലീസ് സേനകളില്‍നിന്ന് ഏകദേശം 200 ഉദ്യോഗസ്ഥരെയും ക്ലീവ്‌ലന്‍ഡിലേക്ക് വിന്യസിച്ചു. ഇതിനിടെ ഓഗസ്റ്റ് 26ന് ഗ്രാന്‍ജ്ടൗണിലുണ്ടായ വീടുതീപിടിത്തത്തില്‍ 34 വയസ്സുകാരി നതാലി മക്‌ഡൊണാള്‍ഡും ഏഴുവയസ്സുകാരി വാലന്റീന ഫോസ്റ്ററും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 23 വയസ്സുകാരനെതിരെ രണ്ട് കൊലപാതകക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന് എ66 അപകടവുമായി ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. തുടര്‍ച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലീവ്‌ലന്‍ഡ് പൊലീസിന് സര്‍ക്കാര്‍ അടിയന്തരമായി 20 ലക്ഷം പൗണ്ട് അധിക ഫണ്ട് പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ നേരിടാന്‍ ഈ തുക മാത്രം മതിയാകില്ലെന്ന് വിക്ടോറിയ ഫുള്ളര്‍ പറഞ്ഞു.

ഇംഗ്ലണ്ടിലും വെയില്‍സിലും ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യനിരക്കുള്ള പൊലീസ് മേഖലകളിലൊന്നാണ് ക്ലീവ്‌ലന്‍ഡ്. കുറ്റകൃത്യങ്ങള്‍ കാര്യക്ഷമമായി നേരിടാന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്ഥിരമായ ധനസഹായവും ആവശ്യമാണെന്ന് ഫുള്ളര്‍ വ്യക്തമാക്കി. നിലവിലെ ആവശ്യകത നിറവേറ്റാന്‍ 270 ഉദ്യോഗസ്ഥരെ കൂടി നിയമിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ക്ലീവ്‌ലന്‍ഡ് പൊലീസിന് 19.78 കോടി പൗണ്ട് വരെ ഫണ്ടിങ് ലഭിക്കുമെന്ന് ഹോം ഓഫിസ് അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 3.7 ശതമാനം വര്‍ധനയാണിത്. രാജ്യത്തെ പൊലീസ് ഫണ്ടിങ് സംവിധാനം പുനഃപരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window