Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
UK Special
  Add your Comment comment
യുകെയിലെ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം; ചൂഷണം നേരിട്ടാലും വിസ കാലാവധിയില്‍ തുടരാനും ജോലി ചെയ്യാനും അനുമതി
reporter

ലണ്ടന്‍: യുകെയില്‍ ചൂഷണവും ദുരിതവും നേരിടുന്ന കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമേകുന്ന സുപ്രധാന ഇമിഗ്രേഷന്‍ നിയമമാറ്റവുമായി ഹോം ഓഫീസ്. ആധുനിക അടിമത്തത്തിന്റെയോ ഗാര്‍ഹിക പീഡനത്തിന്റെയോ ഇരകളായി തിരിച്ചറിയപ്പെടുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതാണ് പുതിയ വ്യവസ്ഥകള്‍. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ ആധുനിക അടിമത്തത്തിന്റെ ഇരയാണെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചാല്‍, നിലവിലുള്ള വിസയുടെ കാലാവധി കഴിയുന്നതുവരെ യുകെയില്‍ തുടരാനും ജോലി ചെയ്യാനും ഇവര്‍ക്ക് അനുമതി ലഭിക്കും. നിലവില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവര്‍ക്ക് തങ്ങളെ സ്പോണ്‍സര്‍ ചെയ്ത തൊഴിലുടമയ്ക്കായി അനുവദിച്ച ജോലിയിലാണ് പ്രധാനമായും തുടരേണ്ടത്. എന്നാല്‍ ചൂഷണത്തിന്റെയോ ആധുനിക അടിമത്തത്തിന്റെയോ ഇരകളായി ഔദ്യോഗികമായി തിരിച്ചറിയപ്പെടുന്നവര്‍ക്ക് ഈ നിബന്ധനയില്‍ ഇളവ് ലഭിക്കുന്നതാണ് പുതിയ നിയമമാറ്റത്തിന്റെ പ്രധാന പ്രത്യേകത.

തൊഴിലുടമകളില്‍നിന്ന് ചൂഷണം നേരിടുന്നവര്‍ ഭയമില്ലാതെ വിവരം അറിയിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. തൊഴിലാളികളെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനുമായി സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനും നിയമമാറ്റം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്കുള്ള 'വിക്ടിം ഓഫ് ഡൊമസ്റ്റിക് അബ്യൂസ്' റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. മുതിര്‍ന്ന ആശ്രിത കുട്ടികളെയും ഇനി ഈ സംരക്ഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ പങ്കാളികള്‍, ഭാര്യാഭര്‍ത്താക്കന്‍മാര്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് സ്പോണ്‍സറായ ബന്ധുവില്‍നിന്ന് ഗാര്‍ഹിക പീഡനം നേരിട്ടാല്‍ യുകെയില്‍ സെറ്റില്‍മെന്റിനുള്ള സംരക്ഷണം ലഭിച്ചിരുന്നു. ഈ ആനുകൂല്യമാണ് ഇനി മുതിര്‍ന്ന ആശ്രിത കുട്ടികള്‍ക്കും വ്യാപിപ്പിക്കുന്നത്. പുതിയ നിയമമാറ്റം പ്രത്യേകിച്ച് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും. കുറഞ്ഞ വേതനം, മോശം തൊഴില്‍സാഹചര്യങ്ങള്‍, അമിത ജോലിഭാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടാലും സ്പോണ്‍സര്‍ഷിപ്പ് നഷ്ടപ്പെടുമെന്ന ഭയത്തില്‍ പല കെയര്‍ വര്‍ക്കര്‍മാരും പരാതി നല്‍കാന്‍ മടിക്കുന്ന സാഹചര്യമുണ്ട്. പുതിയ വ്യവസ്ഥകള്‍ ഇത്തരം തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷയോടെ ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window