ലണ്ടന്‍: പസഫിക് സമുദ്രത്തില്‍ അതിശക്തമായ എല്‍ നിനോ പ്രതിഭാസം രൂപപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര കാലാവസ്ഥാ സംഭവങ്ങളെ നേരിടാന്‍ വീടുകളില്‍ ആവശ്യമായ ഭക്ഷണസാധനങ്ങളും വെള്ളവും കരുതിവയ്ക്കണമെന്ന് ബ്രിട്ടിഷ് പരിസ്ഥിതി സെക്രട്ടറി ഡെയിം ആന്‍ജല ഈഗിള്‍. അതിശക്തമായ എല്‍ നിനോയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റുകള്‍ക്കും വെള്ളപ്പൊക്കമുള്‍പ്പെടെയുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ക്കും സാധ്യത വര്‍ധിക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് മന്ത്രിയുടെ നിര്‍ദേശം. അടിയന്തര സാഹചര്യം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും എത്തുന്നതുവരെ ഏതാനും ദിവസത്തേക്ക് ഉപയോഗിക്കാനാകുന്ന ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും വീടുകളില്‍ സൂക്ഷിക്കുന്നത് കുടുംബങ്ങള്‍ക്ക് സഹായകരമാകുമെന്ന് ഈഗിള്‍ വ്യക്തമാക്കി. ദേശീയ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതില്‍ പൊതുജനങ്ങളും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം, തീവ്ര കാലാവസ്ഥ, സൈബര്‍ ആക്രമണം, ഊര്‍ജവിതരണ തടസ്സം, സസ്യ-മൃഗ-മനുഷ്യ രോഗവ്യാപനം തുടങ്ങിയ ഭീഷണികള്‍ ബ്രിട്ടന്റെ ഭക്ഷ്യവിതരണ ശൃംഖലയ്ക്ക് ഗുരുതര വെല്ലുവിളിയാണെന്ന് നാഷനല്‍ ഓഡിറ്റ് ഓഫിസ് (എന്‍എഒ) മുന്നറിയിപ്പ് നല്‍കി.
ഭക്ഷ്യവിതരണത്തിലെ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ പ്രധാനമായും സ്വകാര്യ മേഖലയെയാണ് ആശ്രയിച്ചിരുന്നതെന്ന് എന്‍എഒ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വലിയ തോതിലുള്ള ദുരന്തമുണ്ടായാല്‍ ഭക്ഷ്യവിതരണ സംവിധാനം എത്രത്തോളം പ്രതിരോധശേഷിയുള്ളതാണെന്ന് ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സമീപ വര്‍ഷങ്ങളില്‍ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പായ ഡെഫ്ര സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഭക്ഷ്യവിതരണത്തിലുണ്ടാകുന്ന തടസ്സം വിലക്കയറ്റത്തിനും ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവിനും കാരണമാകാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിലും ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് എന്‍എഒ മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള കുടുംബതല തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തണമെന്നും മറ്റ് രാജ്യങ്ങളിലെ മാതൃകകളില്‍നിന്ന് ബ്രിട്ടന്‍ പാഠമെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ താപനില നിയന്ത്രിത ഭക്ഷ്യസംഭരണ-ഗതാഗത കമ്പനികളുടെ സംഘടനയായ കോള്‍ഡ് ചെയിന്‍ ഫെഡറേഷനും ഭക്ഷ്യവിതരണ സംവിധാനത്തിലെ ദുര്‍ബലതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഫില്‍ പ്ലക്കിന്റെ അഭിപ്രായത്തില്‍ രാജ്യം ഭക്ഷ്യവിതരണ പ്രതിസന്ധിയോട് ഏറെ അടുത്താണ്. ഭക്ഷ്യവിതരണ ശൃംഖലയിലെ നിര്‍ണായക മേഖലകള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യതയുണ്ടെന്നും എല്‍ നിനോ, ആഗോള ചരക്കുഗതാഗത തടസ്സങ്ങള്‍, മഹാമാരികള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ എല്ലാ സമയത്തും സ്വകാര്യ മേഖലയെ മാത്രം ആശ്രയിക്കാനാകില്ലെന്നും പ്ലക്ക് പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വീടുകളില്‍ ഭക്ഷണസാധനങ്ങള്‍ കരുതിവയ്ക്കണമോയെന്ന ചോദ്യത്തിന് അനുകൂലമായാണ് പ്ലക്ക് പ്രതികരിച്ചത്. ഓരോ കുടുംബവും ആവശ്യമായ തോതില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സൂക്ഷിക്കുന്നത് ഉചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിശക്തമായ കാലാവസ്ഥയോ സൈബര്‍ ആക്രമണമോ മൂലം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത തടസ്സപ്പെടുന്ന സാഹചര്യം നേരിടാന്‍ കുടുംബങ്ങള്‍ സ്വീകരിക്കേണ്ട ചെറുതെങ്കിലും നിര്‍ണായകമായ നടപടികള്‍ ഉള്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ 2026 അവസാനത്തോടെ സര്‍ക്കാര്‍ പുറത്തിറക്കാനാണ് പദ്ധതി.