Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
വിദേശ സംഭാവന വിവാദത്തില്‍ റിഫോം യുകെ; രണ്ട് മുതിര്‍ന്ന നേതാക്കള്‍ ചുമതലകളില്‍നിന്ന് മാറിനിന്നു
reporter

ലണ്ടന്‍: വിദേശ സംഭാവന സ്വീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് നിയമത്തിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നൈജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള 'റിഫോം യുകെ' പാര്‍ട്ടി പ്രതിസന്ധിയില്‍. ചാനല്‍ 4 ന്യൂസിന്റെ ഒളിക്യാമറ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫരാജിന്റെ അടുത്ത സഹായി ഡാന്‍ ജൂക്‌സും പാര്‍ട്ടിയുടെ പോളിസി മേധാവി ജെയിംസ് ഓറും ചുമതലകളില്‍നിന്ന് മാറിനിന്നു. വിദേശത്തുനിന്നുള്ള പണം പാര്‍ട്ടിക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്‌തെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണം. വിദേശ പൗരന് നേരിട്ട് പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതിലുള്ള നിയമതടസം മറികടക്കാന്‍ ബ്രിട്ടനിലെ ഒരാള്‍ മുഖേന അഞ്ച് ലക്ഷം പൗണ്ട് നല്‍കാനുള്ള സാധ്യതയെക്കുറിച്ച് ഡാന്‍ ജൂക്‌സ് ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ കമ്പനിയുടെ പണം ഉപയോഗിച്ച് റിഫോം യുകെയ്ക്ക് രാഷ്ട്രീയമായി ഗുണകരമാകുന്ന അഭിപ്രായ സര്‍വേകള്‍ നടത്താനുള്ള നീക്കവും അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന് സര്‍വേകള്‍ക്കായി ആകെ 32,500 പൗണ്ട് ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. വിവാദം ശക്തമായതോടെ ഡാന്‍ ജൂക്‌സും ജെയിംസ് ഓറും പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തങ്ങളുടെ ചുമതലകളില്‍നിന്ന് മാറിനിന്നു. സംഭവത്തില്‍ റിഫോം യുകെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നിയമലംഘനം നടത്തിയെന്ന ആരോപണം പാര്‍ട്ടി നിഷേധിച്ചു. വിദേശത്തുനിന്ന് നിയമവിരുദ്ധമായ സംഭാവനകളൊന്നും പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്ന് നൈജല്‍ ഫരാജ് വ്യക്തമാക്കി. ഒളിക്യാമറ അന്വേഷണത്തിനിടെ ചിലര്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് സമ്മതിച്ച ഫരാജ്, സംഭവം തങ്ങളെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപിച്ചു.

വിവാദത്തിനിടെയാണ് ബര്‍മിങ്ങാമില്‍ റിഫോം യുകെയുടെ വാര്‍ഷിക പാര്‍ട്ടി സമ്മേളനം നടക്കുന്നത്. രണ്ട് മുതിര്‍ന്ന നേതാക്കളുടെ സ്ഥാനമൊഴിയലും വിദേശ ധനസഹായവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സമ്മേളനത്തിലെ പ്രധാന ചര്‍ച്ചയായി മാറിയിരിക്കെയാണ് ഫരാജ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നിലവില്‍ പരിമിതമായ പ്രാതിനിധ്യമാണുള്ളതെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനും അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം നടത്താനുമുള്ള ശ്രമത്തിലാണ് റിഫോം യുകെ. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന പുതിയ സാമ്പത്തിക വിവാദം പാര്‍ട്ടിക്കും ഫരാജിന്റെ നേതൃത്വത്തിനും രാഷ്ട്രീയ വെല്ലുവിളിയായിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window