ലണ്ടന്‍: ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ കൈയടി നേടുന്ന ബജറ്റായിരിക്കില്ല ഇത്തവണത്തേതെന്ന സൂചന നല്‍കി ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലി. ഒക്ടോബര്‍ 28ന് അവതരിപ്പിക്കുന്ന ബജറ്റില്‍ കടുത്ത സാമ്പത്തിക തീരുമാനങ്ങള്‍ ഉണ്ടാകാമെന്നാണ് ഹീലി വ്യക്തമാക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ക്കിടെ വലിയ ആശ്വാസ പ്രഖ്യാപനങ്ങള്‍ക്കുള്ള സാധ്യതയും മങ്ങുകയാണ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ പ്രതിഫലിക്കുമെന്ന് ഹീലി വ്യക്തമാക്കിയത്. ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായതിന് പിന്നാലെ റേച്ചല്‍ റീവ്സിന്റെ പിന്‍ഗാമിയായാണ് ഹീലി ട്രഷറിയുടെ ചുമതലയേറ്റത്.
ആഗോളതലത്തില്‍ അസ്ഥിരത ശക്തമാകുന്ന സാഹചര്യത്തില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങളെ നേരിടാന്‍ ബ്രിട്ടന് ആവശ്യമായ കരുത്ത് ഉറപ്പാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഹീലി പറഞ്ഞു. ശക്തമായ സാമ്പത്തിക സുരക്ഷാ പരിധി നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഏകദേശം 24 ബില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക 'ഹെഡ്റൂം' സംരക്ഷിക്കാന്‍ നികുതി വര്‍ധനയോ സര്‍ക്കാര്‍ ചെലവുകളില്‍ നിയന്ത്രണമോ ആവശ്യമായി വന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. നികുതി വര്‍ധന നടപ്പാക്കിയാല്‍ ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ സാധാരണ ജനങ്ങള്‍ക്കുമേല്‍ വീണ്ടും അധികഭാരം വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പണപ്പെരുപ്പം ഉയര്‍ത്തുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും സര്‍ക്കാര്‍ കടമെടുപ്പ് ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഹീലി ചൂണ്ടിക്കാട്ടി. എണ്ണയും ഊര്‍ജവിലയും ഉയരുന്നത് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് തയ്യാറാക്കുന്നത്. അതേസമയം, ജോലി ചെയ്യുന്ന സാധാരണക്കാരുടെ മേല്‍ വരുമാനനികുതി, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ധിപ്പിക്കില്ലെന്ന 2024ലെ ലേബര്‍ പാര്‍ട്ടി പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുമെന്നും ഹീലി വ്യക്തമാക്കി. എന്നാല്‍ മറ്റ് നികുതികളിലോ സര്‍ക്കാര്‍ ചെലവുകളിലോ മാറ്റങ്ങള്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇതോടെ ഒക്ടോബറിലെ ബജറ്റില്‍ നികുതി ക്രമീകരണങ്ങളും ചെലവുചുരുക്കല്‍ നടപടികളും ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയാണ്.