Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഇന്‍ഡിഗോ വിമാന കമ്പനിയുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് ശ്രമം
Reporter

ദുബായ്: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്. ബുക്കിങ് സമയത്ത് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തുന്ന അന്തര്‍ദേശീയ സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന. മലയാളിയുടെ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് തട്ടിപ്പ് നടത്താനുള്ള ശ്രമം പൊളിഞ്ഞതോടെയാണ് വിമാന യാത്രക്കാരെ ആശങ്കയിലാക്കുന്ന വിവരം പുറത്തുവന്നത്.

ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ബുക് ചെയ്യാന്‍ ശ്രമിച്ച കണ്ണൂര്‍ ഇരിട്ടി സ്വദേശിയും ഷാര്‍ജയിലെ സ്‌കൂള്‍ അധ്യാപകനുമായ ഫിലിപ് പി. മാത്യുവിനാണ് ഈ ദുരനുഭവം. തനിക്കും ഭാര്യ, രണ്ടു മക്കള്‍ എന്നിവര്‍ക്കും ജൂലൈ ഏഴിന് നാട്ടിലേക്ക് പോകാനും സെപ്റ്റംബര്‍ മൂന്നിന് മടങ്ങാനുമാണ് ടിക്കറ്റ് ബുക് ചെയ്തത്. തിങ്കളാഴ്ച രാത്രി 11:30നാണ് ഇതിനുവേണ്ടി ഇന്‍ഡിഗോ വെബ്‌സൈറ്റ് തുറന്നത്. ആവശ്യമായ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം, ടിക്കറ്റ് ചാര്‍ജ് 6,160 ദിര്‍ഹം അടക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയപ്പോള്‍ 'തകരാര്‍' കാണിച്ചു. വീണ്ടും ശ്രമിക്കാനും നിര്‍ദേശമുണ്ടായി.

ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ബാങ്കില്‍നിന്നോ കാര്‍ഡ് കമ്പനിയില്‍ നിന്നോ ഇതുസംബന്ധിച്ച് ഇമെയില്‍ വരുമെന്ന് കരുതി 20 മിനുട്ടോളം കാത്തിരുന്നെങ്കിലും സന്ദേശമൊന്നും ലഭിച്ചില്ല. ഇതത്തേുടര്‍ന്ന് വീണ്ടും ശ്രമിച്ചപ്പോഴും 'തകരാര്‍' കാണിച്ചു. നാല് തവണ നടക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചു.

എന്നാല്‍, ചൊവ്വാഴ്ച രാവിലെ 7:15ന് ഫിലിപ്പിന് ഇന്ത്യയില്‍നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. സഹോദരനാണെന്ന് കരുതി ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍, ഇന്‍ഡിഗോ ഓഫിസില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ ഇംഗ്‌ളീഷില്‍ സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റില്‍ നല്‍കിയ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ഫിലിപ്പിനോട് പറഞ്ഞ അയാള്‍, വെബ്‌സൈറ്റിലെ തകരാര്‍ കാരണം ടിക്കറ്റ് ബുക്കിങ് നടന്നില്ലെന്ന് അറിയിച്ചു. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പാസ്വേഡ് തന്നാല്‍ ഉടന്‍ ബുക്കിങ് നടത്തി ടിക്കറ്റ് കോപ്പികള്‍ അയക്കാമെന്നും പറഞ്ഞു.

സംശയം തോന്നിയ ഫിലിപ്പ്, താന്‍ ഇന്‍ഡിഗോ ദുബായ് ഓഫിസില്‍ പോയി ബുക്കിങ് നടത്താമെന്ന് മറുപടി നല്‍കുകയും വിളിച്ചയാളെ തിരിച്ച് ബന്ധപ്പെടാന്‍ നമ്പര്‍ ചോദിക്കുകയും ചെയ്തു. താന്‍ ഡല്‍ഹിയിലെ ഇന്‍ഡിഗോ ഓഫിസില്‍ നിന്നാണ് വിളിക്കുന്നതെന്ന് അറിയിച്ചെങ്കിലും നമ്പര്‍ നല്‍കിയില്ല. അതേസമയം, ഡല്‍ഹി നമ്പറാണ് മൊബൈലില്‍ കണ്ടതെന്ന് ഫിലിപ്പ് പറയുന്നു. തട്ടിപ്പാണെന്ന് സംശയിക്കുന്നതായി ഫിലിപ് പറഞ്ഞപ്പോള്‍, താന്‍ തെളിവ് നല്‍കാമെന്നും അതിനുശേഷം കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നും പറഞ്ഞ അയാള്‍, പിന്നീട് വിളിക്കാമെന്ന് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 2:30നകം എട്ടു തവണ അയാള്‍ വിളിച്ചെങ്കിലും തട്ടിപ്പില്‍ കുടുങ്ങുന്നത് ഭയന്ന് ഫിലിപ്പ് അറ്റന്‍ഡ് ചെയ്തില്ല.

ഡല്‍ഹിയിലെ ഇന്‍ഡിഗോ ഓഫിസില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ വിളിച്ചില്ലെന്നായിരുന്നു മറുപടി. കാര്‍ഡില്‍നിന്ന് പണം ട്രാന്‍സ്ഫറാകാത്തതിനാല്‍ ടിക്കറ്റ് ബുക്കിങ് നടന്നില്ലെന്നും അറിഞ്ഞു. ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍, മുന്‍ബാക്കിയില്‍ ചെറിയ സംഖ്യ അടക്കാനുള്ളതിനാല്‍ ട്രാന്‍സ്ഫര്‍ നടത്തിയില്ലെന്ന് അറിയിച്ചു.

ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക് ചെയ്ത് പി.എന്‍.ആര്‍ നമ്പര്‍ ലഭിക്കുന്നവര്‍ക്ക് പോലും തങ്ങള്‍ നല്‍കിയ അടിസ്ഥാന വിവരങ്ങളെല്ലാം പിന്നീട് കാണാന്‍ സാധിക്കില്ല. എന്നാല്‍, ഔദ്യാഗിക വെബ്‌സൈറ്റില്‍ നല്‍കിയ എല്ലാ വിവരങ്ങളും വിമാന കമ്പനിക്ക് പുറത്തുള്ള ഒരാള്‍ക്ക് ലഭിച്ചത് തന്നെ ഞെട്ടിച്ചതായി ഫിലിപ് പി. മാത്യു പറഞ്ഞു. 

 
Other News in this category

 
 




 
Close Window