Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
തിങ്കളാഴ്ച നടന്നത് യുഎഇയെ ഭയപ്പെടുത്തിയ അപകടം
Reporter

അല്‍ഐന്‍: യു.എ.ഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണ് തിങ്കളാഴ്ച അല്‍ഐന്‍നില്‍ ഉണ്ടായത്. സ്‌ഫോടനത്തിന്റെയും കെട്ടിടം തകര്‍ന്നു വീഴുന്നത് പോലെയുമൊക്കെയുള്ള വന്‍ ശബ്ദവും 'രക്ഷിക്കണേ' എന്ന നിലവിളികളുമാണ് ആദ്യം ഉയര്‍ന്നുകേട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മറിഞ്ഞയുടന്‍ മുകളിലേക്ക് ട്രയിലര്‍ പതിച്ചപ്പോള്‍ തന്നെ ബസ് തകര്‍ന്നമര്‍ന്നു. ട്രയ്‌ലറിലെ മണലും കെട്ടിട അവശിഷ്ടങ്ങളും കൂടി പതിച്ചതോടെ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഇല്ലാതായി. രണ്ട് മണിക്കൂര്‍ വരെ ബസിനുള്ളില്‍ കുടുങ്ങി കിടന്നവര്‍ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികളും രക്ഷപ്പെട്ടവരും പറയുന്നു. ട്രയിലറിനടിയില്‍ ചതഞ്ഞരഞ്ഞും മണലിലും കെട്ടിട അവശിഷ്ടങ്ങളിലും ശ്വാസംമുട്ടിയും ദാരുണമായാണ് തൊഴിലാളികള്‍ മരിച്ചത്.

അപകടം നടന്ന പത്ത് മിനിറ്റിനുള്ളില്‍ പൊലീസും ആംബുലന്‍സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. സംഭവമറിഞ്ഞ് സമീപ സ്ഥലങ്ങളില്‍ നിന്നെല്ലാം രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ പാഞ്ഞെത്തി. പുറത്തെടുത്തവരെയുമായി അല്‍ഐനിലെ വിവിധ ആശുപത്രികളിലേക്ക് ആംബുലന്‍സുകള്‍ കുതിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ആംബുലന്‍സും ഏര്‍പ്പെടുത്തിയിരുന്നു. ഏഷ്യന്‍ വംശജര്‍ ഉള്‍പ്പെട്ട വന്‍ അപകടം നടന്നെന്ന് അറിഞ്ഞപ്പോള്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ എംബസികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷിന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ എംബസിയിലെ കമ്യൂണിറ്റി അഫയേഴ്‌സ് (ഡവലപ്മന്റ്) കോണ്‍സലര്‍ ആനന്ദ് ബര്‍ദാന്റെ നേതൃത്വത്തില്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അല്‍ഐനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ബംഗ്‌ളാദേശ് അംബാസഡര്‍ മുഹമ്മദ് നസ്മുല്‍ ഖ്വനൈനും പാകിസ്താന്‍ അംബാസഡര്‍ ജാമില്‍ അഹമ്മദ് ഖാനും നയതന്ത്ര പ്രതിനിധി സംഘത്തെ അല്‍ഐനിലേക്കയച്ചു.

ട്രയ്‌ലറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി അബൂദബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാരീസി പറഞ്ഞു. ബസിന് പിന്നാലെ വരികയായിരുന്ന ട്രയ്‌ലര്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുകയും പ്രധാന റോഡില്‍ നിന്ന് ഉള്‍റോഡിലേക്ക് കയറാന്‍ തിരിഞ്ഞ ബസില്‍ ഇടിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. ബസിന് മുകളിലേക്ക് ട്രയ്‌ലറും.

യുദ്ധസമാനമായ ദൃശ്യങ്ങളായിരുന്നു അല്‍ഐനിലെ ജീമി, തവാം, എന്‍.എം.സി ആശുപത്രികളില്‍. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉറ്റവരുടെ വിവരങ്ങള്‍ അറിയാനുള്ള ഉത്കണ്ഠയോടെ ആശുപത്രികളിലേക്ക് കുതിച്ചെത്തി. മരിച്ചവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കരച്ചില്‍ അന്തരീക്ഷത്തെ ശോകമൂകമാക്കി. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പലരും. ചിലര്‍ വിങ്ങിപ്പൊട്ടി. ഇടക്കിടെ കൂട്ടക്കരച്ചിലുകളുമുയര്‍ന്നു.

അപകടത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം പൊലീസ് നിര്‍ത്തിവെച്ചു. തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വാഹനത്തിന്റെ അവസ്ഥ പരിശോധിക്കണമെന്നും പൊലീസ് കോണ്‍ട്രാക്ടിങ് കമ്പനികളെയും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സികളെയും ഓര്‍മിപ്പിച്ചു.

 
Other News in this category

 
 




 
Close Window