Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
വാദിക്ക് കുറുകെ സൗഹൃദത്തിന്റെ പാലം നിര്‍മിച്ച് രക്ഷിതാക്കള്‍ മാതൃകയാകുന്നു
Reporter

മസ്‌കത്ത്: സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കിടയിലെ വാദി മുറിച്ചുകടക്കാന്‍ മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ പാലം നിര്‍മിച്ച് ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂളിലെ രക്ഷിതാക്കള്‍ പ്രവാസലോകത്ത് പുതിയ മാതൃകയാകുന്നു. ഏകദേശം മൂവായിരത്തോളം റിയാല്‍ ചെലവ് വരുന്ന പാലം രക്ഷിതാക്കള്‍ കൈകോര്‍ത്ത് കോര്‍പറേറ്റ് കമ്പനികളുടെ സഹായത്തോടെ സൗജന്യമായി നിര്‍മിക്കുകയായിരുന്നു. 22 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയുമുണ്ട് പാലത്തിന്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല പ്രദേശവാസികളായ ഒമാനികള്‍ക്കും അനുഗ്രഹമായി മാറുകയാണ് ഈ പാലം.

ദിവസം ശരാശരി 1,200 പേര്‍ ഈ വാദി മുറിച്ചുകടക്കുന്നുണ്ടെന്നാണ് കണക്ക്. ദാര്‍സൈത് ഇന്ത്യന്‍ പ്രധാന കെട്ടിടത്തിനും ജൂനിയര്‍ സ്‌കൂള്‍ കെട്ടിടത്തിനുമിടയിലെ വാദി ഏറെ പ്രയാസപ്പെട്ടാണ് വിദ്യാര്‍ഥികളും നാട്ടുകാരും മുറിച്ചുകടന്നിരുന്നത്.

സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം കാര്‍ണിവെല്‍ സംഘടിപ്പിച്ചപ്പോള്‍ താല്‍കാലികമായി പാലം നിര്‍മിച്ചിരുന്നു. വര്‍ഷക്കാലത്ത് മലവെള്ള പാച്ചലില്‍ ഈ പാലം ഒഴുകി പോയി. പലപ്പോഴും നീരൊഴുക്കുണ്ടാകുന്ന വാദി കുട്ടികള്‍ മുറിച്ചുകടക്കുന്നതിലെ അപകടം മുന്‍കൂട്ടി കണ്ടാണ് ഇവിടെ പാലം എന്ന ആശയം ഉയര്‍ന്നത്. മലയാളി രക്ഷിതാക്കളായ ജഗദീഷ്, ജയശങ്കര്‍, രവി, രവിചന്ദ്രന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗം ക്രിസ്റ്റഫര്‍ എന്നിവര്‍ ആശയം യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ത്തു. ജയശങ്കര്‍ ഡിസൈന്‍ തയാറാക്കിയപ്പോള്‍ എഞ്ചിനീയറായ രവിചന്ദ്രന്‍ സാങ്കേതിക ചുമതലകള്‍ ഏറ്റെടുത്തു. വാദിക്ക് കുറുകെ താല്‍കാലിക പാലം നിര്‍മിക്കുന്നതിന് മസ്‌കത്ത് മുനിസിപ്പാലിറ്റി അനുമതി നല്‍കി.

നിര്‍മാണ സാമഗ്രികള്‍ സൗജന്യമായി നല്‍കാന്‍ കര്‍ലിയോന്‍ അല്‍ അലവി, ഗള്‍ഫാര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തയാറായി. നിര്‍മാണ ഉപകരണങ്ങള്‍ നല്‍കാന്‍ എല്‍.ആന്‍ഡ്. ടി. രംഗത്തെത്തി. ഇന്ത്യക്കാര്‍ മാത്രമല്ല ശ്രീലങ്കക്കാരും പാകിസ്താനികളും സഹായവും സേവനവുമായി രംഗത്തുണ്ടായിരുന്നുവെന്ന് സ്‌കൂളിലെ അധ്യാപകന്‍ രാധാകൃഷ്ണ കുറുപ്പ് പറഞ്ഞു.

വെല്‍ഡിങ് ജോലിക്കെത്തിയ പാകിസ്താനികള്‍ സൗജന്യമായി രാത്രിയും പകലും നിന്ന് സേവനം നല്‍കാന്‍ തയാറായത് ഈ പാലം എല്ലാ അര്‍ഥത്തിലും സൗഹൃദത്തിന്റെ പാലമാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നേരത്തേ സുരക്ഷിതമായി സ്‌കൂളിലെത്താന്‍ അരകിലോമീറ്റര്‍ അധികം വാഹനമോടിക്കേണ്ടിയിരുന്നത് ഒഴിവാക്കി പാര്‍ക്കിങ് മേഖലയില്‍ നിന്ന് നേരിട്ട് വാദി മുറിച്ചുകടക്കാന്‍ ഇനി സാധിക്കും. നേരത്തേ അരുവിയില്‍ നിരത്തിയിട്ട ഇഷ്ടികളും സിമന്റ് ബ്‌ളോക്കുകളും ചവിട്ടിയാണ് കുട്ടികള്‍ ഇത് മുറിച്ചുകടന്നിരുന്നത്.

 
Other News in this category

 
 




 
Close Window