Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ആശ്വാസം തേടി നിരവധിപേര്‍ ഓപ്പണ്‍ ഫോറത്തില്‍
Reporter
ജിദ്ദ: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്കും തീരാദുരിതങ്ങള്‍ക്കും പരിഹാരം തേടി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ നിരവധി പേര്‍ സങ്കടങ്ങള്‍ ബോധിപ്പിക്കാനെത്തി. തൊഴിലിടങ്ങളിലെ കഷ്ടതകളെയും പീഡനങ്ങളെയും സംബന്ധിച്ചാണ് പലര്‍ക്കും പരാതിപ്പെടാനുണ്ടായിരുന്നത്. പരിഭവങ്ങള്‍ ആരുടെ മുന്നില്‍ നിരത്തുമെന്നറിയാതെ കുഴങ്ങിയിരുന്ന പലര്‍ക്കും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരാതി കേള്‍ക്കാന്‍ തയാറായതില്‍ നിറഞ്ഞ സന്തോഷവുമായാണ് മടങ്ങിയത്. പ്രശനസങ്കീര്‍ണതകളില്‍ പെട്ട് കുഴങ്ങിയ പലരും ഏതു വിധേനയും നാട്ടിലെത്തിയാല്‍ മതി എന്ന നിലയിലായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് സാധ്യമാവുന്ന പരിഹാരമാര്‍ഗങ്ങളാരായാമെന്ന ഉറപ്പും സമാശ്വാസവും നല്‍കിയാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഇവരെ യാത്രയാക്കി.

പട്ടാമ്പിയിലെ ഇരുമ്പശ്ശേരി സ്വദേശി വാപ്പുട്ടി ശരീരം തളര്‍ന്ന നിലയില്‍ വീല്‍ചെയറിലിരുന്നാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ഓപണ്‍ ഫോറത്തിനെത്തിയത്. എട്ടു വര്‍ഷം മുമ്പ് സൗദിയിലെത്തിയ അദ്ദേഹത്തിന് ഇതു വരെ നാട്ടിലേക്കു പോകാന്‍ കഴിഞ്ഞിട്ടില്ല. ആമാശയരോഗം മൂലം തീരെ അവശനാണ് വാപ്പുട്ടി. മൂന്ന് പെണ്‍കുട്ടികളുടെ പിതാവായ ഇയാള്‍ ഫൈസലിയ്യയില്‍ സുഹൃത്തുക്കളുടെ ഔാര്യത്തില്‍ കഴിഞ്ഞുകൂടുന്നു. സ്‌പോണ്‍സര്‍ ആരെന്നു കണ്ടെത്താത്താനാവാത്തതിനാല്‍ എക്‌സിറ്റ് വിസ അടിക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന വാപ്പുട്ടി കോണ്‍സുലേറ്റിന്റെ ഓപണ്‍ഫോറത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് എത്തിയത്.

ഗൂഡല്ലൂര്‍ സ്വദേശിനി സുബൈദ നാല് വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്തു വരുന്നു. രണ്ടു വര്‍ഷം സ്‌പോണ്‍സറുടെ കൂടെ ജോലി ചെയ്ത ശേഷം പ്രതിമാസം നൂറു റിയാല്‍ തന്നാല്‍ പുറത്ത് പോയി തൊഴിലെടുക്കാന്‍ അനുവദിക്കാമെന്ന് സമ്മതിച്ചു. രണ്ട് വര്‍ഷം അങ്ങനേയും കഴിഞ്ഞു. ഇപ്പോള്‍ നാട്ടിലേക്ക് പോവാന്‍ റീ എന്‍ട്രിക്ക് 2500 റിയാല്‍ കൊടുത്തു. എന്നാല്‍ വിമാനത്താവളത്തിലെത്തിയ സുബൈദയെ തിരിച്ചയച്ചു. കാരണമറിയാത്ത അവസ്ഥയിലാണ് സുബൈദ. 

ഹൈദരാബാദ് സ്വദേശി മുഹമ്മദ് ജഹാംഗീര്‍ രോഗിയാണ്. തൊഴില്‍ നല്‍കാന്‍ സ്‌പോണ്‍സര്‍ തയാറല്ല. ഇപ്പോള്‍ ഹുറൂബില്‍ കുടുങ്ങിയ ഇയാള്‍ രക്ഷപ്പെടാനുള്ള വഴി അന്വേഷിച്ചാണ് കോണ്‍സുലേറ്റില്‍ എത്തിയത്.

ചതിയില്‍ ഹുറൂബില്‍ കുടുങ്ങിയ കഥയാണ് മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശി പി.ടി.നജീബിന് പറയാനുണ്ടായിരുന്നത്. ഇഖാമ പുതുക്കാന്‍ നോക്കുമ്പോഴാണ് ഹുറൂബിലായ വിവരം അറിയുന്നത്. ഹുറൂബ് നീക്കാന്‍ 5000 റിയാല്‍ ആവശ്യപ്പെട്ടപ്പോള്‍ അതും നല്‍കി. ഇപ്പോള്‍ വീണ്ടും 8000 നല്‍കിയാലേ ഹുറൂബ് മാറ്റാന്‍ കഴിയു എന്ന് സ്‌പോണ്‍സര്‍ പറയുന്നു. വഴിക്കടവ് സ്വദേശി അബ്ദുല്‍ഗഫൂറിന്റെപ്രശ്‌നം മറ്റൊന്നാണ്.

ഇങ്ങനെ സ്വപ്നങ്ങള്‍ വിറ്റുപെറുക്കി സൗദിയിലെത്തിയ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു കൂട്ടം ഇന്ത്യക്കാര്‍ മണലാരണ്യത്തില്‍ നിന്നു പെറുക്കിക്കെട്ടിയ സങ്കടഭാരവും പേറിയാണ് കോണ്‍സുലേറ്റില്‍ എത്തിയത്.

കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായിയുടെ നേതൃത്വത്തില്‍ കോണ്‍സുലേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം സ്വന്തം നാട്ടുകാരുടെ കണ്ണീര്‍ കഥകള്‍ക്ക് ക്ഷമാപൂര്‍വം കണ്ണും കാതും നല്‍കി. കൃത്യം പതിനൊന്നരക്കു തന്നെ പാസ്‌പോര്‍ട്ട് സെക്ഷന്‍ ഹാളില്‍ ഓപണ്‍ഫോറത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കോണ്‍സല്‍മാരായ പ്രണവ് ഗണേഷ്, എസ്.ആര്‍.എച്ച്. ഫഹ്മി, പി.കെ.ജയിന്‍, രാജ്കുമാര്‍ തുടങ്ങിയവര്‍ പരാതികള്‍ സ്വീകരിച്ചു. വിവിധ സംഘടനാ ഭാരവാഹികളായ അഹ്മദ് പാളയാട്ട്, പി.എം.എ.ജലീല്‍,ഉബൈദുല്ല വണ്ടുര്‍, കെ.ടി.എ.മുനീര്‍, അബ്ദുറഹിമാന്‍ വണ്ടൂര്‍ തുടങ്ങിയവര്‍ ഓപണ്‍ ഫോറത്തില്‍ സഹായത്തിനെത്തിയിരുന്നു. കെ.എം.സി.സി.നേതാക്കള്‍ കോണ്‍സല്‍ ജനറലിന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം സമര്‍പ്പിച്ചു. എംബസി സ്‌കൂള്‍ ഭരണം ജനാധിപത്യ രീതിയില്‍ പുനഃസംവിധാനിക്കുക, സംഘടനാ പ്രതിനിധികള്‍ക്ക് കോണ്‍സുലേറ്റിന്റെ അധികാര പത്രം നല്‍കുക, ഹുറൂബില്‍ കുടുങ്ങിയവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുക, സ്‌പോണ്‍സറില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് അഭയം നല്‍കുക എന്നീ ആവശ്യങ്ങളാണ് അവര്‍ ഉന്നയിച്ചത്.
 
Other News in this category

 
 




 
Close Window