Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ 'സമുദ്ര പ്രഹരി' ബഹ്‌റൈനില്‍
Reporter

മനാമ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മലിനീകരണ നിയന്ത്രണ കപ്പലായ 'സമുദ്ര പ്രഹരി' ബഹ്‌റൈനില്‍. ഫെബ്രുവരി 15ന് 114 നാവികരെയും 25 ഓഫീസര്‍മാരെയുമായി മുംബെയില്‍നിന്ന് യാത്ര തിരിച്ച കപ്പല്‍ അബൂദബി, ഖത്തര്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് വ്യാഴാഴ്ച ബഹ്‌റൈനിലെ പഴയ തുറമുഖമായ മിനാസല്‍മാനിലെത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച കപ്പല്‍ 2010ലാണ് കമീഷന്‍ ചെയ്തത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ സുമുദ്ര പ്രഹരിയില്‍ സമുദ്ര മലിനീകരണം കണ്ടെത്താനും തടയാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്.

കടല്‍ മലിനീകരണത്തിനെതിരെയുള്ള സന്ദേശം ഉയര്‍ത്തിയാണ് ഗള്‍ഫ് പര്യടനമെന്ന് കപ്പലിലെ ക്യാപ്റ്റനും കമാന്‍ഡിങ് ഓഫീസറുമായ ദോണി മൈക്കിളും ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാറും കപ്പലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓയില്‍ ചോര്‍ച്ച മൂലമുമുണ്ടാകുന്ന മലിനീകരണം തടയാന്‍ കപ്പലിന്റെ സേവനം ലഭ്യമാക്കും. ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് എണ്ണക്കപ്പലുകളുടെ സഞ്ചാര മേഖലയായതിനാല്‍ ഓയില്‍ ചോര്‍ച്ചക്ക് സാധ്യത ഏറെയാണ്. ചോര്‍ച്ചയുണ്ടായാല്‍ എണ്ണം നീക്കം ചെയ്ത് കടല്‍ ശുചീകരിക്കുന്ന പ്രവര്‍ത്തിയാണ് കപ്പല്‍ ചെയ്യുന്നത്. കപ്പലുകള്‍ക്കൊഎണ്ണപ്പാടങ്ങള്‍ക്കൊ തീപിടിച്ചാല്‍ അണക്കാനുള്ള സംവിധാനവും ഇതിലുണ്ട്. കടല്‍പരപ്പില്‍നിന്ന് എണപ്പാളി അരിച്ചുമാറ്റി രാസവസ്തു തളിച്ചാണ് കടല്‍ ശുചീകരിക്കുന്നത്. ഒരു ഹെലികോപ്റ്റര്‍, അഞ്ച് ഹൈസ്പീഡ് ബോട്ടുകള്‍, നാല് വാട്ടര്‍ സ്‌കൂട്ടറുകള്‍ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട്.

അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെയും ഒമാന്‍, ജപ്പാന്‍ രാജ്യങ്ങളുടെയും കോസ്റ്റ് ഗാര്‍ഡുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മലിനീകരണ നിയന്ത്രണത്തിന് ധാരണാ പത്രത്തില്‍ ഒപ്പിട്ടുണ്ട്. കപ്പലിന്റെ സേവനം ഇവിടങ്ങളില്‍ ആവശ്യമായി വരുമ്പോള്‍ ലഭ്യമാക്കും. ബഹ്‌റൈന്‍ കോസ്റ്റ് ഗാര്‍ഡുമായി ഇന്നലെ ആശയവിനിമയം നടത്തിയിട്ടുണ്ട്. ബഹ്‌റൈനിലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ ആദ്യ സന്ദര്‍ശനമാണിതെന്നും ക്യാപ്റ്റന്‍ വിശദീകരിച്ചു. 13ന് മുംബൈയില്‍ തിരിച്ചെത്തും.

ഇരു രാജ്യങ്ങളിലെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ കപ്പലിന്റെ സന്ദര്‍ശനം ഉപകരിക്കുമെന്ന് അംബാസഡര്‍ മോഹന്‍കുമാര്‍ പറഞ്ഞു.എംബസി ഫസ്റ്റ് സെക്രട്ടറി നിര്‍മല്‍കുമാര്‍ ചൗധരി, സെക്കന്‍ഡ് സെക്രട്ടറി ഗൗരവ് ഗാന്ധി എന്നിവരും പങ്കെടുത്തു.

 
Other News in this category

 
 




 
Close Window