Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കടല്‍കൊള്ളക്കാരില്‍ നിന്നു മോചിതരായെങ്കിലും ജീവനക്കാര്‍ക്ക് കരയണിയാന്‍ കഴിയുന്നില്ല
Reporter

 മസ്‌കത്ത്: സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ ഒമാന്‍ തീരത്ത് പ്രവേശിക്കാനാകാതെ കടലില്‍ കുടുങ്ങിക്കിടക്കുന്നു. സലാല തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി ലഭ്യമാക്കേണ്ട ഷിപ്പിങ് കമ്പനി ഇവരെ കൈയൊഴിഞ്ഞതാണ് കാരണം. മറ്റ് ഷിപ്പിങ് കമ്പനികളെ കണ്ടെത്താന്‍ രാത്രി വൈകിയും ശ്രമം പുരോഗമിക്കുകയാണ്. 'അല്‍ ബദര്‍' ഷിപ്പിങ് കമ്പനി കപ്പലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചനയുണ്ട്.

ചൊവ്വാഴ്ച രാവിലെ ഒമാന്റെ സമുദ്രാതിര്‍ത്തിയിലെത്തിയ 'എം.വി. റോയല്‍ ഗ്രേസ്' എന്ന കപ്പലിന് ചൊവ്വാഴ്ച രാത്രി വരെ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. മണിക്കൂറുകളായി കപ്പല്‍ തുറമുഖാതിര്‍ത്തിക്ക് പുറത്താണ്. കൊള്ളക്കാരില്‍ നിന്ന് മോചിതരായി മൂന്നുദിവസം കഴിഞ്ഞിട്ടും 17 ഇന്ത്യക്കാരടക്കം 22 ജീവനക്കാര്‍ എപ്പോള്‍ നാടണയാന്‍ കഴിയുമെന്ന അനിശ്ചിതത്വത്തിലാണ്.

'റോയല്‍ ഗ്രേസി'ന്റെ ഒമാനിലെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കപ്പലിന്റെ ഉടമസ്ഥരായ ദുബൈയിലെ ഓയിസ്റ്റര്‍ ഷിപ്പിങ് കമ്പനി സലാലയിലെ കാനൂ ഷിപ്പിങ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തങ്ങള്‍ ഈ ആവശ്യം നിരാകരിച്ചുവെന്ന് കാനൂ ഷിപ്പിങ് കമ്പനി പ്രതിനിധി. സലാലയിലെ വിവിധ ഷിപ്പിങ് ഏജന്‍സികളെ കപ്പലുടമകള്‍ സമീപിച്ചെങ്കിലും അവരാരും ദൗത്യം ഏറ്റെടുക്കാന്‍ തയാറായില്ലത്രെ. പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞ വിവിധ രാജ്യക്കാരടക്കം കപ്പലിലുള്ളതിനാല്‍ ഭാരിച്ച ഉത്തരവാദിത്തമുള്ളതിനാലാണ് ഏറ്റെടുക്കാത്തതെന്ന് പറയുന്നു. കപ്പല്‍ ജീവനക്കാരെ സഹായിക്കാന്‍ മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ആയിരം കിലോമീറ്റര്‍ അകലെ സലാലയിലേക്ക് തിരിച്ചിട്ടുണ്ടെങ്കിലും അനിശ്ചിതത്വം എപ്പോള്‍ അവസാനിക്കുമെന്നത് സംബന്ധിച്ച് ഇവര്‍ക്കും വ്യക്തമായ വിവരമില്ല. ഷിപ്പിങ് കമ്പനികള്‍ തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യമായി വരും. എന്നാല്‍, അനിശ്ചിതത്വം ഉടന്‍ അവസാനിക്കുമെന്നും കപ്പല്‍ ജീവനക്കാര്‍ ബുധനാഴ്ച രാവിലെയോടെ കരയിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രവാസികാര്യ സെക്രട്ടറി പി. ശിവദാസ് പറഞ്ഞു. കപ്പല്‍ ജീവനക്കാരായ മലയാളികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി രണ്ടുദിവസം മുമ്പ് ഒമാനിലെത്തിയതാണ് ഇദ്ദേഹം.

ഇരിങ്ങാലക്കുട മാപ്രാണം ചര്‍ച്ച് റോഡിലെ അരങ്ങത്ത് പറമ്പില്‍ ഡേവിസിന്റെ മകന്‍ ഡിബിന്‍ (22), ഇരിങ്ങാലക്കുട മാപ്രാണം തേലപ്പിള്ളി മുഞ്ഞക്കല്‍ വിന്‍സന്റിന്റെ മകന്‍ സ്റ്റാന്‍ലി (22), കൊല്ലം ചടയമംഗലം 'മോനിഷാലയ'ത്തില്‍ മോഹനന്‍ പിള്ളയുടെ മകന്‍ മനേഷ് (22), തിരുവനന്തപുരം ജില്ലയിലെ മലയം 'അഞ്ജന'ത്തില്‍ വിജയകുമാറിന്റെ മകന്‍ അര്‍ജുന്‍ (21), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം കൊട്ടേക്കാട്ടുമ്മല്‍ ചന്ദ്രന്റെ മകന്‍ കെ.സി. മിഥുന്‍ (24) എന്നിവരാണ് കപ്പലിലുള്ള മലയാളി ജീവനക്കാര്‍.

 
Other News in this category

 
 




 
Close Window