അബൂദബി: പൊതുമാപ്പ് കാലയളവിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്ത് ഇതുവരെ 385 അനധികൃത താമസക്കാര്‍ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബൂദബിയില്‍ 125, അല്‍ഐനില്‍ 100, ഷാര്‍ജയില്‍ 81, ഫുജൈറയില്‍ 79, റാസല്‍ഖൈമ 40 എന്നിങ്ങനെയാണ് ഓരോ എമിറേറ്റില്‍ നിന്നും പിടിയിലായവരുടെ എണ്ണം. താമസകുടിയേറ്റ നിയമം ലംഘിച്ചവര്‍ക്ക് പിഴയോ തടവോ കൂടാതെ രാജ്യം വിടാന്‍ ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി നാല് വരെയാണ് പൊതുമാപ്പ് അനുവദിച്ചിരുന്നത്. ഈ അവസരം വിനിയോഗിക്കണമെന്ന സന്ദേശവുമായി 'നോ ടു വയ്‌ലേറ്റേഴ്‌സ്' എന്ന കാമ്പയിനും നടത്തിയിരുന്നു. ഇത് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെ കണ്ടുപിടിക്കാന്‍ പൊതുമാപ്പ് ഫോളോഅപ്പ് വിഭാഗം പരിശോധന കര്‍ശനമാക്കിയിരുന്നു. അബൂദബിയില്‍ മുസഫയിലും ടൂറലിസ്റ്റ് ക്‌ളബ് ഏരിയയിലുമാണ് പ്രധാനമായും പരിശോധന നടന്നത്. 79 പുരുഷന്മാരും 46 സ്ത്രീകളുമാണ് പിടിയിലായത്. ഇവരിലധികവും ഏഷ്യന്‍ വംജരാണ്. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരാണ് സ്ത്രീകളില്‍ അധികവും.
അല്‍ ഖാരിയയില്‍ നടന്ന പരിശോധനയില്‍ ഏഷ്യന്‍ വംശജരായ 79 പേര്‍ പിടിയിലായി. റാസല്‍ഖൈമയില്‍ 40 നിയമലംഘകരാണ് കുടുങ്ങിയത്.
അനധികൃത താമസക്കാരെ ഒഴിവാക്കി രാജ്യത്ത് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കുന്നതിനുള്ള നടപടികളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഫോളോഅപ്പ് വിഭാഗം മേധാവി കേണല്‍ അലി ഇബ്രാഹിം അല്‍ തുനൈജി പറഞ്ഞു. ഇത്തരക്കാരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 80080 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.