മസ്‌കത്ത്: തലസ്ഥാന നഗരിയിലെ ഷോപ്പിങ് മാളില്‍ തിരക്കേറിയ സമയത്ത് മോഷണം. മലയാളി ദമ്പതികളുടെ നാലര വയസ്സുള്ള കുട്ടിയുടെ രണ്ടര പവന്റെ മാല നഷ്ടപ്പെട്ടു.
മോഷ്ടാവെന്ന് സംശയിക്കുന്ന സ്ത്രീക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. നാഷനല്‍ ബാങ്ക് ഓഫ് ഒമാനില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര്‍ സ്വദേശി അനീഷ് അബ്ദുല്‍ അസീസിന്റെ മകള്‍ ഫിദയുടെ മാലയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഭാര്യ നിഷക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഷോപ്പിങിനെത്തിയതായിരുന്നു അനീഷ്. അവധി ദിവസമായതിനാല്‍ ഷോപ്പിങ് മാളില്‍ പതിവിലും തിരക്കുണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങിയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ അനീഷ് ഒന്നാം നിലയില്‍ നിന്ന് താഴേക്ക് പോയി. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്ന കുട്ടി കരഞ്ഞുകൊണ്ട് വന്ന് പറഞ്ഞപ്പോഴാണ് മാല മോഷ്ടിച്ച വിവരം ഇവര്‍ അറിഞ്ഞത്. ഉടന്‍ മാളിലെ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പര്‍ദയിട്ട സ്ത്രീയാണ് മോഷണം നടത്തിയെന്ന് വ്യക്തമായി. എന്നാല്‍ ഷെല്‍ഫിന്റെ മറവില്‍ വെച്ച് മാല പൊട്ടിച്ചതിനാല്‍ ഇവരുടെ മുഖം വ്യക്തമായില്ല.
മോഷണം നടത്തിയയുടന്‍ ഇവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസിലും പരാതി നല്‍കി. രണ്ടാഴ്ച മുമ്പും ഇതേ ഷോപ്പിങ് മാളില്‍ മാല മോഷ്ടിച്ച സംഭവമുണ്ടായിരുന്നു. ഷോപ്പിങ് മാളുകളില്‍ വരുമ്പോള്‍ വില പിടിപ്പുള്ള സാധനങ്ങള്‍ ധരിക്കാതിരിക്കലാണ് ഇത്തരം മോഷണങ്ങള്‍ തടയാനുള്ള വഴിയെന്ന് അധികൃതര്‍ പറഞ്ഞു.