Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
' ഗോ ഹോം ഓര്‍ ഫേസ് അറസ്റ്റ് ' - അനധികൃത കുടിയേറ്റക്കാര്‍ക്ക് അന്ത്യശാസനവുമായി യുകെയില്‍ പ്രചാരണ വാഹനങ്ങള്‍ പുറപ്പെടുന്നു
reporter

അനധികൃതമായി യുകെയില്‍ താമസിക്കുന്നവരെ തുരത്താന്‍ ഹോം ഓഫീസ് വാഹനപ്രചാരണം ആരംഭിക്കുന്നു. ഗോ ഹോം ഓര്‍ ഫേസ് അറസ്റ്റ് - എന്ന സന്ദേശവുമായാണ് പ്രചാരണ വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ഹൗണ്‍സ്ലോ, ബാര്‍കിങ് ആന്‍ഡ് ഡെഗെന്‍ഹാം, ഈലിങ്, ബാര്‍നറ്റ്, ബ്രെന്റ്, റെഡ് ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് ആദ്യവട്ട ബോധവത്കരണ പ്രചാരണം. ഇവിടങ്ങളിലെ പ്രചാരണം വിജയകരമായാല്‍ ഇതു മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ലണ്ടനില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കലാണ് ആദ്യഘട്ട നടപടിയുടെ ഉദ്ദേശ്യം. രണ്ടു വാനുകളിലാണ് ആദ്യഘട്ട പ്രചാരണം ആരംഭിക്കുക. ഓരോ പ്രദേശങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വലിയ അക്കങ്ങളില്‍ എഴുതി വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കും. നിങ്ങള്‍ യുകെയില്‍ അനധികൃതമായി താമസിക്കുകയാണോ ? നാട്ടിലേക്കു മടങ്ങുക, അല്ലെങ്കില്‍ അറസ്റ്റ് വരിക്കുക. നിര്‍ദേശങ്ങള്‍ സൗജന്യമായി ലഭിക്കുന്നതിന് 78070 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് അയയ്ക്കൂ. അറസ്റ്റില്ലാതെ നാട്ടിലെത്തുന്നതിന് ഹോം ഓഫീസ് നിങ്ങളെ സഹായിക്കും - ഇതാണ് വാഹനങ്ങളുടെ പുറത്ത് എഴുതിയൊട്ടിക്കുന്ന പ്രചാരണ വാചകം. ആദ്യഘട്ട പ്രചാരണം രണ്ടാഴ്ച നീണ്ടു നില്‍ക്കും. വാഹനപ്രചാരണത്തെക്കുറിച്ച് അറിയിപ്പു നല്‍കിക്കൊണ്ടുള്ള നോട്ടീസുകളുടെ വിതരണം ആരംഭിച്ചു. അനധികൃത കുടിയേറ്റക്കാര്‍ സ്ഥിരമായി എത്തുന്നുവെന്നു കരുതപ്പെടുന്ന സ്ഥലങ്ങളിലാണ് നോട്ടീസുകള്‍ വിതരണം ചെയ്തിട്ടുള്ളത്. മണി ട്രാന്‍സ്ഫര്‍, ഇന്റര്‍നെറ്റ് കഫേകള്‍ എന്നിവിടങ്ങളാണ് ഹോം ഓഫീസിന്റെ വിശ്വാസ പ്രകാരം അനധികൃത കുടിയേറ്റക്കാര്‍ സ്ഥിരമായി എത്തുന്ന സ്ഥലം. അനധികൃതമായി യുകെയില്‍ തുടരുന്നവരെ തടയുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കിയെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് ഹാര്‍പര്‍ പറഞ്ഞു. സ്വമേധയാ വിവരം അറിയിക്കുന്ന അനധികൃതര്‍ക്ക് നാട്ടിലെത്താനുള്ള സഹായം ഉറപ്പാക്കുമെന്നും ഹാര്‍പര്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window