Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 28th Jun 2024
 
 
UK Special
  Add your Comment comment
കേരളത്തിലെ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് എജ്യുപോര്‍ട്ടിന് ലണ്ടന്‍ പുരസ്‌കാരം
reporter

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് എജ്യുപോര്‍ട്ടിന് അന്താരാഷ്ട്ര പുരസ്‌കാരം. ലണ്ടന്‍ എഡ്‌ടെക് വീക്കിന്റെ ഭാഗമായ എഡ്‌ടെക്എക്‌സ് അവാര്‍ഡ്‌സില്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ (കെ12) വിഭാഗത്തില്‍ ആണ് എജ്യുപോര്‍ട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജൂണ്‍ 10 മുതല്‍ 20 വരെ നടന്ന ലണ്ടന്‍ എഡ്ടെക് വീക്കില്‍ എജ്യൂപോര്‍ട്ട് സിഇഒ അക്ഷയ് മുരളീധരന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ലോകത്തിലെ മികച്ച എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ മാറ്റുരച്ച വേദിയിലാണ് എജ്യൂപോര്‍ട്ടിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്. കേരളത്തില്‍ നിന്നും ഇതാദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. അഡാപ്റ്റ് എന്ന എഐ ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ മാറ്റിയെഴുതുന്നതിനുള്ള എജ്യുപോര്‍ട്ടിന്റെ ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരം കൂടെയാണ് ഈ ബഹുമതി. 12-ആം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ പഠന രീതിക്കും വേഗതയ്ക്കും ഇണങ്ങുന്ന വ്യക്തിഗത പരിശീലനം നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ നല്‍കുന്ന പഠന രീതിയാണ് അഡാപ്റ്റ്. എഴാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി ട്യൂഷന്‍, എന്‍ട്രന്‍സ് പരിശീലനം എന്നിങ്ങനെ വിവിധ തരം കോഴ്‌സുകളാണ് എജ്യൂപോര്‍ട്ട് പ്രധാനം ചെയ്യുന്നത്.

നൂറിലധികം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത ലണ്ടന്‍ എഡ്‌ടെക് വീക്ക് വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളില്‍ ഒന്നാണ്. എജ്യുക്കേഷന്‍ ടെക്‌നോളജിയുടെ ഭാവിയും ഏറ്റവും പുതിയ ട്രെന്‍ഡുകളും ചര്‍ച്ചയാകുന്ന ഈ വേദിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് നേടുന്ന പുരസ്‌കാരം ഇന്ത്യയിലെ എഡ്‌ടെക് സെക്ടറിന് തന്നെ പുത്തന്‍ ഉണര്‍വേകും. ലക്‌സംബര്‍ഗ് ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ വെര്‍സോ കാപ്പിറ്റല്‍ അടുത്തിടെ എജ്യുപോര്‍ട്ടില്‍ നിക്ഷേപം നടത്തിയിരുന്നു. എഡ്‌ടെക് എക്‌സ് അവാര്‍ഡ് കൂടുതല്‍ നിക്ഷേപങ്ങളിലേക്കുള്ള വഴി ഈ സ്റ്റാര്‍ട്ടപ്പിനു മുന്നില്‍ തുറക്കുകയാണ്.

എജ്യുപോര്‍ട്ടിനു ലഭിച്ച പുരസ്‌കാരത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് സിഇഒ അക്ഷയ് മുരളീധരന്‍ പറഞ്ഞു. ഒരു ചെറിയ നഗരത്തില്‍ നിന്നും എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ള തന്റെ ടീമിന്റെ പ്രയത്‌നങ്ങള്‍ക്ക് ലഭിച്ച അംഗീകരമായി ഈ ബഹുമതിയെ കാണുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ക്കപ്പുറം എല്ലാ വിദ്യാര്‍ഥികളിലേക്കും എഐയില്‍ ഊന്നിയ വിദ്യാഭ്യാസം എത്തിക്കുക എന്നതാണ് അഡാപ്റ്റിന്റെ ലക്ഷ്യമെന്നും അക്ഷയ് പറഞ്ഞു. തങ്ങള്‍ നേടിയെടുത്ത ഈ അവാര്‍ഡ് നിര്‍മ്മിത ബുദ്ധി വിദ്യാഭ്യാസ മേഖലയില്‍ വരുത്താന്‍ പോകുന്ന വലിയ മാറ്റങ്ങളിലേക്ക് ഒരു സുപ്രധാന ചുവടായി തന്നെ കാണുന്നതായി എജ്യുപോര്‍ട്ടിന്റെ സ്ഥാപകന്‍ അജാസ് മുഹമ്മദ് ജന്‍ഷീര്‍ പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരു ആനുകൂല്യം എന്നതിനുപരി എല്ലാവരുടെയും അവകാശമാക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഈ പുരസ്‌കാരം എജ്യൂപോര്‍ട്ടിനെ കൂടുതല്‍ അടുപ്പിക്കുമെന്ന് അജാസ് അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window