ലണ്ടന്‍: ലണ്ടന്‍ നഗരത്തെ അള്‍ട്രാ ലോ എമിഷന്‍ സോണായി (ULZ) പ്രഖ്യാപിച്ചശേഷം ഇതുവരെ ഡ്രൈവര്‍മാര്‍ പിഴയായി അടച്ചത് 70 മില്യന്‍ പൗണ്ട്. ഓരോ യാത്രയ്ക്കും ഫീസായി നല്‍കേണ്ട തുക സമയത്ത് അടയ്ക്കാത്തതിനാണ് ഇത്രയേറെ തുക ഡ്രൈവര്‍മാര്‍ പിഴയടച്ചത്. ആറു വര്‍ഷം മുമ്പാണ് ലണ്ടനില്‍ അള്‍ട്രാ ലോ എമിഷന്‍ സോണ്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ക്രോയിഡണ്‍ ബറോയിലുള്ളവരാണ് പിഴയടച്ചവരില്‍ മുന്നില്‍ (നാല് മില്യന്‍). ഹില്ലിങ്ങ്ടന്‍- 3.8 മില്യന്‍, ഈലിങ്-3.7 മില്യന്‍, എന്‍ഫീല്‍ഡ്-3.5 മില്യന്‍ എന്നിവിടങ്ങളിലുള്ളവരാണ് ഈ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.
തുടക്കത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ കണ്‍ജഷന്‍ ചാര്‍ജ് മേഖലയില്‍ മാത്രമായിരുന്നു അള്‍ട്രാ ലോ എമിഷന്‍ സോണ്‍ ചാര്‍ജ് ബാധകമായിരുന്നത്. 2021ല്‍ ഇത് വിപുലീകരിച്ച് കൂടുതല്‍ ബറോകളിലേക്ക് വ്യാപിപ്പിച്ചു. 2023ല്‍ ലണ്ടന്‍ നഗരം മുഴുവന്‍ ഈ നിയന്ത്രണ മേഖലയ്ക്ക് ഉള്ളിലായി. ഇതോടെയാണ് നിയന്ത്രണമേഖല അറിയാതെ ഒട്ടേറെ ഡ്രൈവര്‍മാര്‍ സമയത്ത് ഫീസടയ്ക്കാതെ പിഴ ഒടുക്കേണ്ടി വന്നത്. അള്‍ട്രാ ലോ എമിഷന്‍ സോണ്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമല്ലെന്നും ഇതിലൂടെ സമാഹരിക്കുന്ന ഓരോ പൗണ്ടും തിരികെ നിക്ഷേപിച്ച് ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാണ് ടിഎഫ്എല്‍ ശ്രമിക്കുന്നതെന്ന് വക്താവ് വ്യക്തമാക്കി. പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കാനും റെയില്‍ നെറ്റ്വര്‍ക്ക് വികസിപ്പിക്കാനുമാണ് ഈ തുക ഉപയോഗിക്കുക.