Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുന്നു
reporter

ലണ്ടന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിപണിയിലെ അനിശ്ചിതത്വം വര്‍ധിച്ചതോടെ യുകെയിലെ പ്രധാന വായ്പാ സ്ഥാപനങ്ങള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങി. എച്ച്എസ്ബിസി യുകെ വെള്ളിയാഴ്ച മുതല്‍ ചില മോര്‍ട്ട്‌ഗേജ് ഓഫറുകളുടെ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ആദ്യമായി വീട് വാങ്ങുന്നവര്‍, വീട് മാറ്റുന്നവര്‍, റീ-മോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍, ബൈ-ടു-ലെറ്റ് ഉടമകള്‍ എന്നിവര്‍ക്ക് ഇത് തിരിച്ചടിയാകും.

കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും തിങ്കളാഴ്ച മുതല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്. നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയും സമാനമായ നടപടികളിലേക്ക് നീങ്ങുന്നുണ്ട്.

വായ്പാ നിരക്കുകളില്‍ സംഭവിക്കുന്ന ഈ മാറ്റത്തിന് പ്രധാന കാരണം 'സ്വാപ്പ് റേറ്റുകള്‍' ഉയര്‍ന്നതാണ്. ഫിക്സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ നിശ്ചയിക്കുമ്പോള്‍ ബാങ്കുകള്‍ ഈ സ്വാപ്പ് നിരക്കുകളെ അടിസ്ഥാനമാക്കുന്നതിനാല്‍ വിപണിയിലെ മാറ്റങ്ങള്‍ നേരിട്ട് ലോണ്‍ ചെലവിനെ ബാധിക്കുന്നു. കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി വ്യക്തമാക്കിയതനുസരിച്ച്, വിപണിയിലെ മാറ്റങ്ങള്‍ കാരണം ചില നിരക്കുകള്‍ പരിഷ്‌കരിക്കേണ്ടി വരും.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ ഉയര്‍ന്ന പണപ്പെരുപ്പ സാധ്യതകള്‍ സൃഷ്ടിച്ചതോടെ പലിശനിരക്ക് കുറയ്ക്കല്‍ വൈകാനോ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനോ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തുന്നത്. ഇതോടെ ബാങ്കുകള്‍ക്ക് ഫിക്സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ നിശ്ചയിക്കാനുള്ള ചെലവ് കൂടുകയും, വായ്പാ നിരക്കുകള്‍ ഉയരുന്നതിലൂടെ അത് പ്രതിഫലിക്കുകയും ചെയ്യുന്നു.

മണിഫാക്ട്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രണ്ട് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്‌ഗേജ് ശരാശരി നിരക്ക് 4.83 ശതമാനമായും, അഞ്ചുവര്‍ഷത്തെ ഫിക്സഡ് നിരക്ക് 4.95 ശതമാനമായും ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. വിപണി അനിശ്ചിതത്വം തുടര്‍ന്നാല്‍ കൂടുതല്‍ ബാങ്കുകള്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

പുതിയ ഫിക്സഡ് റേറ്റ് ഡീലുകള്‍ പരിഗണിക്കുന്നവര്‍ നിരക്കുകള്‍ കൂടുതല്‍ ഉയരുന്നതിനുമുമ്പ് വേഗത്തില്‍ തീരുമാനമെടുക്കുന്നത് നല്ലതായിരിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം. കഴിഞ്ഞമാസം പലിശ കുറയുമെന്ന പ്രതീക്ഷയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിരക്കുകള്‍ കുറച്ചുതുടങ്ങിയിരുന്നു

 
Other News in this category

 
 




 
Close Window