Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.3853 INR
ukmalayalampathram.com
Tue 07th Jul 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ കുട്ടികള്‍ക്കും ഇ-ഗേറ്റ് സൗകര്യം; പ്രായപരിധി എട്ടായി കുറച്ചു
reporter

ലണ്ടന്‍: വേനല്‍ക്കാല അവധിയാത്രകള്‍ സജീവമാകുന്നതിനിടെ ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ കുടുംബയാത്രക്കാര്‍ക്ക് ആശ്വാസമായി ഇ-ഗേറ്റ് ഉപയോഗത്തിനുള്ള കുറഞ്ഞ പ്രായപരിധി കുറച്ചു. ബുധനാഴ്ച മുതല്‍ എട്ടും ഒന്‍പതും വയസ്സുള്ള കുട്ടികള്‍ക്കും വിമാനത്താവളങ്ങളിലെ ഓട്ടോമാറ്റിക് പാസ്പോര്‍ട്ട് പരിശോധനാ സംവിധാനമായ ഇ-ഗേറ്റുകള്‍ ഉപയോഗിക്കാം. ഇതുവരെ 10 വയസ്സായിരുന്നു കുറഞ്ഞ പ്രായപരിധി. പുതിയ മാറ്റത്തോടെ കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പാസ്പോര്‍ട്ട് പരിശോധനയ്ക്കായി നീണ്ട നിരകളില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം കുറയുമെന്നാണ് പ്രതീക്ഷ. ഇ-ഗേറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞത് 120 സെന്റിമീറ്റര്‍ ഉയരം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ തുടരും. പ്രതിവര്‍ഷം ഏകദേശം 15 ലക്ഷം കുട്ടികള്‍ക്ക് പുതിയ ഇളവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

സ്‌കൂള്‍ അവധിക്കാലത്ത് വിദേശയാത്ര കഴിഞ്ഞ് ബ്രിട്ടനിലേക്ക് മടങ്ങുന്ന കുടുംബങ്ങളുടെ വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയാണ് മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലായി നിലവില്‍ 290-ലധികം ഇ-ഗേറ്റുകളുണ്ട്. ഹീത്രോ, ഗാറ്റ്വിക്, മാഞ്ചസ്റ്റര്‍, ബര്‍മിങ്ങാം, എഡിന്‍ബറോ, സ്റ്റാന്‍സ്റ്റഡ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങള്‍ക്ക് പുറമെ പാരിസിലെയും ബ്രസ്സല്‍സിലെയും യുകെ അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങളിലും പുതിയ പ്രായപരിധി ബാധകമാകും. അവധിക്കാല യാത്രകള്‍ വര്‍ധിച്ചതോടെ ബ്രിട്ടനിലെ പ്രധാന വിമാനത്താവളങ്ങളിലെ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ മേഖലകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബ്രിട്ടിഷ് പൗരന്മാര്‍ ഉള്‍പ്പെടെ ഇ-ഗേറ്റ് ഉപയോഗിക്കാന്‍ അര്‍ഹരായ യാത്രക്കാര്‍ക്ക് പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിയുമ്പോള്‍, മറ്റു യാത്രക്കാര്‍ പലപ്പോഴും നീണ്ട നിരകളില്‍ കാത്തുനില്‍ക്കേണ്ടിവരുന്നു. മണിക്കൂറുകള്‍ നീളുന്ന വിമാനയാത്രകള്‍ക്ക് പിന്നാലെ എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ട സാഹചര്യം ഹീത്രോ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ പതിവായി യാത്രക്കാര്‍ നേരിടുന്നുണ്ട്. പുതിയ ഇളവ് കുടുംബയാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും അതിര്‍ത്തി പരിശോധന കൂടുതല്‍ വേഗത്തിലാക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window