Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
UK Special
  Add your Comment comment
ക്രീംഫീല്‍ഡ്‌സ് വേദിയില്‍ മണ്ണിനടിയില്‍ ലഹരിമരുന്ന് ശേഖരം; ഫെസ്റ്റിവലിന് മുന്നോടിയായി പൊലീസ് പരിശോധന ശക്തം
reporter

ലണ്ടന്‍: ചെഷയറിലെ ഡെയര്‍സ്ബറിയില്‍ ഈ ആഴ്ച ആരംഭിക്കുന്ന ക്രീംഫീല്‍ഡ്‌സ് സംഗീതോത്സവത്തിന്റെ വേദിയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പൊലീസ് കണ്ടെത്തി. ഫെസ്റ്റിവലിന് മുന്നോടിയായി നടത്തിയ പ്രത്യേക പരിശോധനയിലാണ് വിവിധ തരത്തിലുള്ള നിരോധിത വസ്തുക്കള്‍ പിടികൂടിയത്. ഓഗസ്റ്റ് 27 മുതല്‍ 31 വരെ നടക്കുന്ന ക്രീംഫീല്‍ഡ്‌സ് ഫെസ്റ്റിവലില്‍ 80,000ത്തിലധികം സംഗീതപ്രേമികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പൊലീസ് വേദിയിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയത്. പരിശോധനയില്‍ ഏകദേശം 204 നൈട്രസ് ഓക്‌സൈഡ് സിലിണ്ടറുകളും, എക്സ്റ്റസി, എംഡിഎംഎ, കെറ്റാമിന്‍ ഗുളികകള്‍ അടങ്ങിയ വലിയ ബാഗുകളും കണ്ടെത്തി. ഫെസ്റ്റിവല്‍ വേദിയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ടും രഹസ്യമായി ഒളിപ്പിച്ചുമാണ് ഇവ സൂക്ഷിച്ചിരുന്നത്.

ഫെസ്റ്റിവല്‍ ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ ചിലര്‍ ലഹരിമരുന്നുകള്‍ വേദിയില്‍ കുഴിച്ചിട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് ലഹരിമരുന്നുകള്‍ തിരിച്ചെടുത്ത് വില്‍പ്പന നടത്തുകയായിരിക്കാം ലക്ഷ്യമെന്നും സംശയിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്‌പെഷലിസ്റ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടില്‍ വിശദമായ പരിശോധന തുടരുകയാണ്. ക്രീംഫീല്‍ഡ്‌സ് പൊലീസ് ഓപ്പറേഷന് നേതൃത്വം നല്‍കുന്ന സൂപ്രണ്ട് ആന്‍ഡി ബ്ലിസാര്‍ഡ്, ലഹരിമരുന്നുകള്‍ക്കെതിരെ സീറോ ടോളറന്‍സ് നയം തുടരുമെന്ന് വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുമ്പ് ലഹരിമരുന്നുകള്‍ കുഴിച്ചിട്ടോ കാഴ്ചയില്‍പ്പെടാത്ത രീതിയില്‍ ഒളിപ്പിച്ചോ പൊലീസിനെ മറികടക്കാമെന്ന് കരുതുന്നവരെ കണ്ടെത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിശോധന തുടരുന്നതിനാല്‍ കൂടുതല്‍ ലഹരിമരുന്നുകള്‍ കണ്ടെത്താനുള്ള സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. ഫെസ്റ്റിവല്‍ സമയത്ത് ഒളിപ്പിച്ച വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ എത്തുന്നവര്‍ക്ക് അവ അവിടെ ലഭിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. വേദിയില്‍ റക്‌സാക്കോ ഹോള്‍ഡോള്‍ ബാഗോ കുഴിച്ചിട്ടിട്ടുള്ളവര്‍ക്ക് അത് തിരികെ വേണമെങ്കില്‍ പൊലീസുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ പരിഹാസരൂപേണ വ്യക്തമാക്കി. കണ്ടെത്തിയ ലഹരിമരുന്നുകളുടെ ഉടമകളെ തിരിച്ചറിയാനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഫെസ്റ്റിവല്‍ ആരംഭിക്കുന്നതുവരെ പ്രത്യേക പരിശീലനം നേടിയ പൊലീസ് സംഘത്തിന്റെ പരിശോധന തുടരും. പരിപാടി നടക്കുന്ന ദിവസങ്ങളില്‍ സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥരും വേദിയില്‍ സജീവമായി സാന്നിധ്യമുറപ്പിക്കും. കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും തടയുകയാണ് പ്രധാന ലക്ഷ്യം.

പ്രവേശന കവാടങ്ങളില്‍ കര്‍ശന സുരക്ഷാ പരിശോധനകള്‍ ഉണ്ടായിരിക്കും. ലഹരിമരുന്നുകള്‍ കണ്ടെത്താന്‍ പരിശീലനം നേടിയ നായകളുടെ സേവനവും ഉപയോഗിക്കും. നിരോധിത വസ്തുക്കള്‍ സ്വമേധയാ ഉപേക്ഷിക്കാനായി അമ്‌നസ്റ്റി ബിന്നുകളും ഒരുക്കിയിട്ടുണ്ട്. ലഹരിമരുന്നുകളുമായി ഫെസ്റ്റിവല്‍ വേദിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window