Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
കടലില്‍ നീന്തുന്നതിനിടെ ദുരന്തം; ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
reporter

വെസ്റ്റ് സസെക്‌സ്: ഷോര്‍ഹാം-ബൈ-സീയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഒരു പുരുഷനും സ്ത്രീയും കൗമാരക്കാരിയായ പെണ്‍കുട്ടിയുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുടുംബത്തിലെ മറ്റൊരു ഇളയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 2.40ഓടെ ഷോര്‍ഹാം ഫോര്‍ട്ടിന് സമീപം നാല് പേര്‍ കടലില്‍ അപകടത്തില്‍പ്പെട്ടതായി അടിയന്തര സേവനങ്ങള്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് സസെക്‌സ് പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, റോയല്‍ നാഷണല്‍ ലൈഫ്ബോട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍ (ആര്‍എന്‍എല്‍ഐ) സംഘങ്ങള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി നാലുപേരെയും കരയിലെത്തിച്ചു. പാരാമെഡിക്കുകള്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായ ഇളയ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ പേരുവിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നാലുപേരും ഒരേ കുടുംബത്തില്‍പ്പെട്ടവരാണെന്നും അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സസെക്‌സ് പൊലീസ് ചീഫ് സൂപ്രണ്ട് ജെയിംസ് കോളിസ് അറിയിച്ചു. കുടുംബം നീന്താനായി കടലില്‍ ഇറങ്ങിയതിനു പിന്നാലെയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. കടലില്‍ മറ്റാരെയും കാണാതായിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. അപകടവിവരം ലഭിച്ചതിന് പിന്നാലെ നിരവധി ആംബുലന്‍സുകളും രണ്ട് എയര്‍ ആംബുലന്‍സുകളും കോസ്റ്റ്ഗാര്‍ഡ് സംഘങ്ങളും ആര്‍എന്‍എല്‍ഐ ലൈഫ്ബോട്ടും പൊലീസ് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് കടല്‍ സാധാരണയേക്കാള്‍ പ്രക്ഷുബ്ധമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒരേ കുടുംബത്തിലെ മൂന്ന് പേരുടെ മരണം ഷോര്‍ഹാം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം.

അതേസമയം, കടലില്‍ ഇറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥയും കടലിന്റെ അവസ്ഥയും പരിശോധിച്ചശേഷം മാത്രമേ വെള്ളത്തിലിറങ്ങാവൂ. ലൈഫ്ഗാര്‍ഡ് സേവനമുള്ള ബീച്ചുകളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അപകടസാഹചര്യം ഉണ്ടായാല്‍ ഉടന്‍ അടിയന്തര സഹായം തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

 
Other News in this category

 
 




 
Close Window