ലണ്ടന്‍: ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങള്‍ കുടുംബത്തിനും ആരോഗ്യത്തിനുമായി എങ്ങനെ മാറ്റിവയ്ക്കാമെന്ന് വ്യക്തമാക്കുന്ന യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. യുകെയിലെ ദൈനംദിന ജീവിതരീതിയും ഇന്ത്യയിലെ നഗരജീവിതവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുഷ്‌ക വ്യാസ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ വീടിന് സമീപത്തെ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അനുഷ്‌ക പങ്കുവെച്ചത്. അത് വാരാന്ത്യമോ പൊതു അവധിദിനമോ അല്ലെന്നും സാധാരണ പ്രവൃത്തിദിനമാണെന്നും അവര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി. എന്നിട്ടും പാര്‍ക്ക് ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായി വീഡിയോയില്‍ കാണാം. ജോലി കഴിഞ്ഞെത്തിയവര്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും കുട്ടികള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും തടാകക്കരയില്‍ പിക്‌നിക് നടത്തുന്നതും വ്യായാമത്തിനും ഫിറ്റ്‌നസിനുമായി സമയം കണ്ടെത്തുന്നതുമെല്ലാം യുകെയില്‍ സാധാരണ കാഴ്ചയാണെന്ന് അനുഷ്‌ക പറയുന്നു. ജോലിക്ക് ശേഷം വ്യക്തിപരമായ ജീവിതത്തിനും കുടുംബത്തിനും ആരോഗ്യത്തിനും സമയം കണ്ടെത്താന്‍ കഴിയുന്നതാണ് ഇവിടെ ശ്രദ്ധേയമെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ പല നഗരങ്ങളിലുമുള്ള ജോലിക്കാരുടെ ജീവിതവുമായി ഇതിനെ താരതമ്യം ചെയ്ത അനുഷ്‌ക, ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ജോലി അവസാനിച്ചാലും പലര്‍ക്കും പ്രവൃത്തിദിനം അവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ദീര്‍ഘമായ യാത്ര, ഗതാഗതക്കുരുക്ക്, ഓഫീസ് സമയം കഴിഞ്ഞുള്ള അധിക ജോലികള്‍, അപ്രതീക്ഷിതമായി ലഭിക്കുന്ന ഔദ്യോഗിക ചുമതലകള്‍ എന്നിവ കാരണം വീട്ടിലെത്തുമ്പോഴേക്കും ദിവസത്തിന്റെ ഭൂരിഭാഗവും അവസാനിച്ചിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇത്തരം തിരക്കുകള്‍ കാരണം പലരും വിനോദത്തിനും കുടുംബത്തോടൊപ്പമുള്ള സമയത്തിനും വാരാന്ത്യത്തെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ആഴ്ച മുഴുവന്‍ നീളുന്ന ജോലിഭാരം മൂലമുള്ള ക്ഷീണം കാരണം വാരാന്ത്യത്തിലും വേണ്ടത്ര വിശ്രമിക്കാനോ വ്യായാമം ചെയ്യാനോ കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനോ പലര്‍ക്കും കഴിയുന്നില്ലെന്നും അനുഷ്‌ക അഭിപ്രായപ്പെട്ടു.
പണവും ജോലിയും മാത്രമല്ല ജീവിതത്തിന്റെ ഗുണനിലവാരവും പ്രധാനമാണെന്ന ചര്‍ച്ചയിലേക്കാണ് തന്റെ യുകെ അനുഭവം വിരല്‍ചൂണ്ടുന്നതെന്ന് അനുഷ്‌ക പറയുന്നു. ജോലി കഴിഞ്ഞുള്ള സമയം സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനും കുടുംബത്തിനും ആരോഗ്യത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കാനും കഴിയുന്ന ജീവിതശൈലിയാണ് വിദേശത്തേക്ക് മാറാന്‍ ചില ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നെന്നും അവര്‍ വീഡിയോയില്‍ അഭിപ്രായപ്പെട്ടു. അനുഷ്‌കയുടെ വീഡിയോ പുറത്തുവന്നതോടെ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ചും ഇന്ത്യന്‍ നഗരങ്ങളിലെ നീണ്ട യാത്രാസമയവും ജോലി സമ്മര്‍ദവും സംബന്ധിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ശക്തമായിരിക്കുകയാണ്.