ലണ്ടന്‍: ഇറക്കുമതി ചെയ്ത മുട്ടകളുമായി ബന്ധമുള്ള സാല്‍മൊണല്ല ബാധയെ തുടര്‍ന്ന് യുകെയില്‍ രോഗബാധിതരുടെ എണ്ണം 474 ആയി ഉയര്‍ന്നു. രോഗബാധയുമായി ബന്ധപ്പെട്ട് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ രണ്ട് രോഗബാധാ ക്ലസ്റ്ററുകള്‍ കൂടി കണ്ടെത്തിയതോടെയാണ് കേസുകളുടെ എണ്ണം വര്‍ധിച്ചത്. രോഗബാധിതരില്‍ മൂന്നിലൊന്നിലധികം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ട്. കുഞ്ഞുങ്ങള്‍ മുതല്‍ 92 വയസ്സുവരെയുള്ളവരാണ് രോഗബാധിതരുടെ പട്ടികയിലുള്ളത്. ഭൂരിഭാഗം കേസുകളും ഇംഗ്ലണ്ടിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍, യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ മേഖലകളിലാണ് കൂടുതല്‍ രോഗബാധ. സ്കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലും ഏതാനും കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലുള്ള രോഗബാധാ കേസുകളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളില്‍ കണ്ടെത്തിയ സാല്‍മൊണല്ല ബാക്ടീരിയയുടെ ജനിതക ഘടനകള്‍ തമ്മില്‍ വലിയ സാമ്യമുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇതോടെ രോഗബാധയ്ക്ക് പൊതുവായ ഒരു ഭക്ഷ്യ ഉറവിടം ഉണ്ടായിരിക്കാമെന്ന സംശയം ശക്തമായി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം വീട്ടില്‍ മുട്ട പാകം ചെയ്ത് കഴിച്ചതിനെക്കാള്‍ റെസ്റ്റോറന്റുകളിലോ മറ്റ് ഭക്ഷണശാലകളിലോ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. രോഗബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
ബ്രിട്ടിഷ് ലയണ്‍ അടയാളമുള്ള മുട്ടകള്‍ സുരക്ഷിതമെന്ന് അധികൃതര്‍
ബ്രിട്ടിഷ് ലയണ്‍ അടയാളമുള്ള മുട്ടകളും 'ലെയ്ഡ് ഇന്‍ ബ്രിട്ടന്' പദ്ധതിയുടെ ഭാഗമായി ഉല്പാദിപ്പിക്കുന്ന മുട്ടകളും വാങ്ങി കഴിക്കുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ ഉല്പാദിപ്പിക്കുന്ന മുട്ടകളില്‍ നിലവിലെ രോഗബാധയുമായി ബന്ധപ്പെട്ട സാല്‍മൊണല്ല കണ്ടെത്തിയതിന് തെളിവുകളില്ലെന്നും അധികൃതര്‍ അറിയിച്ചു. ബ്രിട്ടിഷ് ലയണ്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട മുട്ട ഉല്പാദകരില് കര്‍ശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നത്. കോഴികളില്‍ സാല്‍മൊണല്ല പരിശോധനയും വാക്സിനേഷനും ഉള്‍പ്പെടെയുള്ള നടപടികളും നിര്‍ബന്ധമാണ്. അതേസമയം ഭക്ഷണം നന്നായി പാകം ചെയ്ത് മാത്രം കഴിക്കണമെന്നും ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണമെന്നും ആരോഗ്യ അധികൃതര്‍ നിര്‍ദേശിച്ചു.
വയറിളക്കം, ഛര്‍ദി, പനി പ്രധാന ലക്ഷണങ്ങള്‍
വയറുവേദന, വയറിളക്കം, ഛര്‍ദി, പനി എന്നിവയാണ് സാല്‍മൊണല്ല ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ സാധാരണയായി 12 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാം. മിക്കവരും പ്രത്യേക ചികിത്സയില്ലാതെ തന്നെ സുഖം പ്രാപിക്കാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍, വയോധികര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗബാധ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ ഗുരുതരമാകുകയോ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ടാകുകയോ ചെയ്താല്‍ ജിപിയെയോ ഔട്ട് ഓഫ് അവര്സ് മെഡിക്കല്‍ സേവനങ്ങളെയോ ബന്ധപ്പെടണമെന്ന് ആരോഗ്യ അധികൃതര്‍ നിര്‍ദേശിച്ചു.