ലണ്ടന്‍: ആഗോള വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (JLR) യുകെയിലെ ജീവനക്കാര്‍ക്കായി സ്വമേധയാ വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ആഗോള വാഹന വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടവുമാണ് പുതിയ നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.7 ബില്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നേരത്തെ കണക്കാക്കിയതിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവന്നേക്കുമെന്നും ഏകദേശം 4,000 ജീവനക്കാരെ വരെ നടപടി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എത്ര തസ്തികകള്‍ ഒഴിവാക്കുമെന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല.
2025 സെപ്റ്റംബറില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ലക്ഷ്യമിട്ടുണ്ടായ സൈബര്‍ ആക്രമണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഉത്പാദനം ആഴ്ചകളോളം തടസ്സപ്പെട്ടു. ഇതോടെ ഉത്പാദനത്തില്‍ 27 ശതമാനം ഇടിവുണ്ടായതായും ഏകദേശം 1.9 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം നേരിട്ടതായുമാണ് റിപ്പോര്‍ട്ട്. തൊഴില്‍ നഷ്ടത്തിന്റെ ആഘാതം പരമാവധി കുറയ്ക്കുന്നതിനായി പ്രമുഖ ട്രേഡ് യൂണിയന്‍ പ്രതിനിധികളും യുകെ ബിസിനസ് സെക്രട്ടറിയും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചീഫ് എക്‌സിക്യൂട്ടീവുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.
നിലവില്‍ യുകെയില്‍ മാത്രം ഏകദേശം 30,000 പേര്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ ജോലി ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തില്‍ മാനേജ്മെന്റ്, സാലറിഡ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് സ്വമേധയാ വിരമിക്കല്‍ പദ്ധതി ലഭ്യമാക്കിയിരിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനുമുള്ള വിപുലമായ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വക്താവ് അറിയിച്ചു.