ലണ്ടന്‍: ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (NHS) ആശുപത്രികളിലെ എല്ലാ അടിയന്തര ചികിത്സാ വിഭാഗങ്ങളിലേക്കും (A&E) 'മാര്‍ത്താസ് റൂള്‍' വ്യാപിപ്പിക്കുന്നു. ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതായി തോന്നുകയും അത് വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ലെന്ന് രോഗിക്കോ ബന്ധുക്കള്‍ക്കോ ആശങ്കയുണ്ടാകുകയും ചെയ്താല്‍, മറ്റൊരു മെഡിക്കല്‍ ടീമിന്റെ അടിയന്തര പരിശോധന തേടാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. ഇതിനായി പ്രത്യേക ഹെല്പ്പ്ലൈന് നമ്പറിലേക്ക് വിളിച്ച് രണ്ടാമതൊരു വിദഗ്ദ്ധാഭിപ്രായം ആവശ്യപ്പെടാം. ഏഴ് ആശുപത്രികളില്‍ നടത്തിയ വിജയകരമായ പരീക്ഷണത്തിന് പിന്നാലെയാണ് പദ്ധതി ഇംഗ്ലണ്ടിലുടനീളമുള്ള അടിയന്തര വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. 2028 മാര്‍ച്ചോടെ വിപുലീകരണം പൂര്‍ണമായി നടപ്പാക്കാനാണ് ലക്ഷ്യം.
2021-ല്‍ ലണ്ടനിലെ കിംഗ്സ് കോളേജ് ആശുപത്രിയില്‍ സെപ്സിസ് ബാധിച്ച് മരിച്ച 13 വയസ്സുകാരി മാര്‍ത്ത മില്‍സിന്റെ ഓര്‍മ്മയ്ക്കായാണ് 'മാര്‍ത്താസ് റൂള്‍' എന്ന പേര് നല്‍കിയിരിക്കുന്നത്. അവധിക്കാലത്ത് സൈക്കിള്‍ ഓടിക്കുന്നതിനിടെ വീണ് മാര്‍ത്തയുടെ പാന്‍ക്രിയാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അണുബാധ ഉണ്ടാവുകയും പിന്നീട് അത് സെപ്സിസിലേക്ക് മാറുകയും ചെയ്തു. മാര്‍ത്തയുടെ ആരോഗ്യനില മോശമാകുന്നതിനെക്കുറിച്ച് കുടുംബം ആവര്‍ത്തിച്ച് ആശങ്ക അറിയിച്ചിരുന്നെങ്കിലും അത് വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കപ്പെട്ടില്ലെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. നേരത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി ആവശ്യമായ ചികിത്സ നല്കിയിരുന്നെങ്കില് മാര്‍ത്തയുടെ ജീവന് രക്ഷിക്കാനാകുമായിരുന്നുവെന്നാണ് കോറണറുടെ കണ്ടെത്തല്‍.
സംഭവത്തിന് പിന്നാലെ മാര്‍ത്തയുടെ മാതാപിതാക്കളായ മെറോപ്പും പോളും ആരോഗ്യസംവിധാനത്തില്‍ മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തി. അവരുടെ ഇടപെടലുകളാണ് പിന്നീട് 'മാര്‍ത്താസ് റൂള്‍' നടപ്പാക്കുന്നതിലേക്ക് നയിച്ചത്. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമുണ്ടെങ്കില്‍ മറ്റൊരു മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍ തേടാന്‍ പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. രോഗിയുടെ അവസ്ഥ വഷളാകുന്നതായി സംശയമുണ്ടെങ്കില്‍ ചികിത്സാ തീരുമാനങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. എട്ട് മാസം നീണ്ട പരീക്ഷണഘട്ടത്തില്‍ വിവിധ യൂണിറ്റുകളിലായി ഹെല്‍പ്പ്ലൈനിലേക്ക് 69 കോളുകളാണ് ലഭിച്ചത്. ഇതില്‍ ചില രോഗികള്‍ക്ക് അടിയന്തര ശസ്ത്രക്രിയയും ഐസിയു പരിചരണവും വേഗത്തില്‍ ലഭ്യമാക്കാന്‍ സംവിധാനത്തിലൂടെ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
ആശുപത്രി വാര്‍ഡുകളില്‍ നേരത്തെ തന്നെ നടപ്പാക്കിയ മാര്‍ത്താസ് റൂള്‍ സംവിധാനത്തിലൂടെ ഇതുവരെ ഏകദേശം 20,000 കോളുകള്‍ ലഭിച്ചതായാണ് കണക്കുകള്‍. തിരക്കേറിയ അടിയന്തര വിഭാഗങ്ങളില്‍ പദ്ധതി ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിപ്പിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷണഘട്ടത്തില്‍ രോഗികളും ബന്ധുക്കളും സംവിധാനം ഉത്തരവാദിത്തത്തോടെയാണ് ഉപയോഗിച്ചതെന്ന് NHS അധികൃതര്‍ വ്യക്തമാക്കി. രോഗികളുടെ സുരക്ഷ ഉറപ്പാക്കുകയും ആരോഗ്യസ്ഥിതിയിലെ ഗുരുതരമായ മാറ്റങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്കോട്ട്ലന്‍ഡിലും വെയ്ല്‍സിലും സമാന സ്വഭാവമുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.