Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
UK Special
  Add your Comment comment
ഡയാനയുടെ മരണത്തിന് പിന്നാലെ 'ലോകം അവളെ വൈകാതെ മറക്കും' എന്ന് ചാള്‍സ് പറഞ്ഞുവെന്ന് സഹോദരന്‍
reporter

ലണ്ടന്‍: ഡയാന രാജകുമാരിയുടെ മരണത്തിന് പിന്നാലെ ലോകം അവരെ വൈകാതെ മറന്നുപോകുമെന്ന് ചാള്‍സ് രാജാവ് പറഞ്ഞതായി ഡയാനയുടെ സഹോദരന്‍ ചാള്‍സ് ഏള്‍ സ്‌പെന്‍സര്‍. ഡയാന മരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം ചാള്‍സ് ഫോണില്‍ വിളിച്ചപ്പോള്‍ ''നമ്മള്‍ അവളെ വൈകാതെ മറക്കും'' എന്ന് പറഞ്ഞുവെന്നാണ് സ്‌പെന്‍സറിന്റെ വെളിപ്പെടുത്തല്‍. അടുത്തയാഴ്ച പുറത്തിറങ്ങുന്ന തന്റെ ഓര്‍മക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഡയാനയുടെ സംസ്‌കാരച്ചടങ്ങില്‍ മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും അമ്മയുടെ ശവപ്പെട്ടിക്ക് പിന്നാലെ നടക്കുന്നതിനോട് താന്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ചാള്‍സുമായി രൂക്ഷമായ വാക്കേറ്റമുണ്ടായെന്നും സ്‌പെന്‍സര്‍ പറയുന്നു. അന്ന് വില്യമിന് 15 വയസ്സും ഹാരിക്ക് 12 വയസ്സുമായിരുന്നു.

രാജകുടുംബത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍നിന്നാണ് വില്യമും ഹാരിയും സംസ്‌കാര ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന വിവരം താന്‍ അറിഞ്ഞതെന്ന് സ്‌പെന്‍സര്‍ ഓര്‍മക്കുറിപ്പില്‍ പറയുന്നു. കുട്ടികളെ അത്തരമൊരു സാഹചര്യത്തിലൂടെ കടത്തിവിടുന്നതിനെ താന്‍ എതിര്‍ത്തു. ഇതിന് പിന്നാലെ ചാള്‍സ് ഫോണില്‍ ബന്ധപ്പെടുകയും ഡയാനയുടെ മരണത്തെ തുടര്‍ന്ന് ലോകമെമ്പാടും ഉയര്‍ന്ന ജനവികാരത്തെക്കുറിച്ച് കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായാണ് സ്‌പെന്‍സറിന്റെ അവകാശവാദം.

അതേസമയം, സ്‌പെന്‍സറിന്റെ പരാമര്‍ശങ്ങളോട് ബക്കിങ്ങാം കൊട്ടാരം പ്രതികരിച്ചു. സാധാരണയായി പുസ്തകങ്ങളിലെ അവകാശവാദങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് വ്യക്തമാക്കിയ കൊട്ടാരം, വര്‍ഷങ്ങള്‍ക്കുശേഷമുള്ള ദുഃഖവും വ്യക്തിപരമായ ഓര്‍മകളും പഴയ സംഭവങ്ങളെക്കുറിച്ചുള്ള ഒരാളുടെ വിലയിരുത്തലിനെ സ്വാധീനിക്കാമെന്നും ചൂണ്ടിക്കാട്ടി. 1997ല്‍ പാരിസിലുണ്ടായ വാഹനാപകടത്തിലാണ് ഡയാന രാജകുമാരി മരിച്ചത്. അവരുടെ മരണത്തിന് പിന്നാലെ രാജകുടുംബത്തിനെതിരെ ബ്രിട്ടനില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡയാനയുടെ മരണത്തില്‍ രാജകുടുംബം വേണ്ടത്ര ദുഃഖം പ്രകടിപ്പിച്ചില്ലെന്നും പൊതുജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നുമായിരുന്നു പ്രധാന വിമര്‍ശനം. അമ്മയുടെ സംസ്‌കാരച്ചടങ്ങില്‍ ശവപ്പെട്ടിക്ക് പിന്നാലെ നടക്കേണ്ടിവന്ന അനുഭവത്തെക്കുറിച്ച് ഹാരി രാജകുമാരനും പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. 12 വയസ്സുള്ള ഒരു കുട്ടിയോട് അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകാന്‍ ആവശ്യപ്പെടേണ്ടതില്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ആ ദിവസം തിരിഞ്ഞുനോക്കുമ്പോള്‍ സംസ്‌കാരച്ചടങ്ങിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ഹാരി പറഞ്ഞിരുന്നു.

'Swan Song: Diana, My Sister' എന്ന പേരിലുള്ള സ്‌പെന്‍സറിന്റെ ഓര്‍മക്കുറിപ്പ് അടുത്തയാഴ്ച പുറത്തിറങ്ങും. രാജകുടുംബവുമായി ബന്ധപ്പെട്ട നിരവധി വിവാദപരമായ പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതിനിടെ പുസ്തകത്തിന്റെ ഡച്ച് പതിപ്പിന്റെ നാല് കോപ്പികള്‍ നെതര്‍ലന്‍ഡ്‌സില്‍ മോഷണം പോയതായും റിപ്പോര്‍ട്ടുണ്ട്. അച്ചടിശാലയില്‍നിന്ന് ഗോഡൗണിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കില്‍നിന്നാണ് പുസ്തകങ്ങള്‍ നഷ്ടപ്പെട്ടതെന്നാണ് വിവരം.

 
Other News in this category

 
 




 
Close Window