Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Sep 2026
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡില്‍ വന്‍ പൊലീസ് വേട്ട; വിയറ്റ്‌നാമീസ് ക്രിമിനല്‍ സംഘവുമായി ബന്ധമെന്ന് സംശയം, 36 പേര്‍ അറസ്റ്റില്‍
reporter

എഡിന്‍ബറ/ലണ്ടന്‍: മനുഷ്യക്കടത്ത്, കഞ്ചാവ് കൃഷി, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിയറ്റ്‌നാമീസ് സംഘടിത ക്രിമിനല്‍ സംഘത്തിനെതിരെ സ്‌കോട്ട്‌ലന്‍ഡില്‍ വന്‍ പൊലീസ് നടപടി. വിവിധ പ്രദേശങ്ങളിലായി ഒരേസമയം നടത്തിയ റെയ്ഡുകളില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 14 കഞ്ചാവ് കൃഷിയിടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഏകദേശം 300 പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഓപ്പറേഷനില്‍ അബര്‍ഡീന്‍, ഡണ്ടി, ഫാല്‍കിര്‍ക്ക്, എഡിന്‍ബറ, ഗ്ലാസ്‌ഗോ, അയര്‍ഷയര്‍, ലനാര്‍ക്ക്ഷയര്‍, മിഡ്‌ലോതിയന്‍, സ്‌കോട്ടിഷ് ബോര്‍ഡേഴ്‌സ് എന്നിവിടങ്ങളിലായി 47 വിലാസങ്ങളില്‍ പരിശോധന നടത്തി. മനുഷ്യക്കടത്ത്, ലഹരിമരുന്ന് ഉല്‍പാദനം, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, സംഘടിത ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സ്‌കോട്ട്‌ലന്‍ഡിന്റെ ആരോപണം.

കഴിഞ്ഞ വര്‍ഷം സ്‌കോട്ട്‌ലന്‍ഡില്‍ കണ്ടെത്തിയ 150 കഞ്ചാവ് ഫാമുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പുതിയ പൊലീസ് നടപടിയിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 120 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ പലരെയും കഞ്ചാവ് കൃഷിക്കായി നിയോഗിക്കപ്പെട്ട തൊഴിലാളികളായാണ് പൊലീസ് കണക്കാക്കുന്നത്. അന്നത്തെ പരിശോധനകളില്‍ പിടിച്ചെടുത്ത ലഹരിമരുന്നിന്റെ മൂല്യം ഏകദേശം 2.6 കോടി പൗണ്ടാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ കഞ്ചാവ് ഫാമുകളില്‍ ഏകദേശം മൂന്നിലൊന്നിനും ഒരേ വിയറ്റ്‌നാമീസ് സംഘടിത ക്രിമിനല്‍ സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മനുഷ്യക്കടത്ത് സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസ് സ്‌കോട്ട്‌ലന്‍ഡ് ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഓപ്പറേഷനാണിതെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റീവി ബെര്‍ട്രാം പറഞ്ഞു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും അവരുടെ ശൃംഖല തകര്‍ക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കോട്ട്‌ലന്‍ഡിന് പുറമെ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിലും പൊലീസ് അറസ്റ്റ് നടത്തി. ഹോം ഓഫിസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റും എച്ച്എംആര്‍സിയും നടപടിയില്‍ പങ്കെടുത്തു. സംഘം ബ്രിട്ടനിലുടനീളവും രാജ്യാന്തര തലത്തിലും പ്രവര്‍ത്തിക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. റെയ്ഡ് നടത്തിയ സ്ഥലങ്ങളില്‍ ഗ്ലാസ്‌ഗോയിലെ ഒരു നെയില്‍ സലൂണും ഉള്‍പ്പെടുന്നു. എഡിന്‍ബറയിലെ സൗത്ത് ക്ലര്‍ക്ക് സ്ട്രീറ്റിലുള്ള ഒരു ഫ്‌ലാറ്റില്‍ മൂന്ന് മുറികളിലായി ടാര്‍പോളിന്‍ മറകള്‍ക്കുള്ളില്‍ ശക്തമായ ലൈറ്റുകള്‍ സ്ഥാപിച്ച് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഡണ്ടിയില്‍ സമീപത്തുള്ള രണ്ട് ഫ്‌ലാറ്റുകളിലായി നടത്തിയിരുന്ന കഞ്ചാവ് കൃഷി പിന്നീട് കെട്ടിടത്തിന്റെ പങ്കിട്ട ലോഫ്റ്റിലേക്കും വ്യാപിപ്പിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

അറസ്റ്റിലായവരില്‍ മനുഷ്യക്കടത്തിന്റെ ഇരകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ ചൂഷണത്തിന് ഇരയാകുന്നവരില്‍ വിയറ്റ്‌നാമീസ് പൗരന്മാരുടെ എണ്ണം ഇപ്പോഴും കൂടുതലാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് ബെര്‍ട്രാം പറഞ്ഞു. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ വിവരങ്ങള്‍, രേഖകള്‍ എന്നിവ പരിശോധിച്ച് മനുഷ്യക്കടത്തിന് ഇരയായവരെ എത്രയും വേഗം തിരിച്ചറിയാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window