Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 28th Sep 2026
 
 
UK Special
  Add your Comment comment
നോവയുടെ മെഡിക്കല്‍ രേഖകള്‍ അനുമതിയില്ലാതെ പരിശോധിച്ചു; 10 എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
reporter

ലണ്ടന്‍: മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് വയസ്സുകാരന്‍ നോവ വുഡ്‌സിന്റെ ഡിജിറ്റല്‍ മെഡിക്കല്‍ രേഖകള്‍ അനുമതിയില്ലാതെ പരിശോധിച്ച സംഭവത്തില്‍ 10 എന്‍എച്ച്എസ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് നടപടി. സംഭവത്തില്‍ ഈസ്റ്റ് സഫോക്ക് ആന്‍ഡ് നോര്‍ത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് കുട്ടിയുടെ കുടുംബത്തോട് നിരുപാധികം മാപ്പ് ചോദിച്ചു. സഫോക്കിലെ ബ്രാന്തം ഗ്രാമത്തില്‍ സെപ്റ്റംബര്‍ 15ന് കാണാതായ നോവയെ അടുത്ത ദിവസം സമീപത്തെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിക്കായി നടത്തിയ തിരച്ചിലില്‍ 1,300ലധികം പേര്‍ പങ്കെടുത്തിരുന്നു. സംഭവം വ്യാപക ശ്രദ്ധ നേടിയതിന് പിന്നാലെ നടത്തിയ പ്രത്യേക പരിശോധനയിലാണ് മെഡിക്കല്‍ രേഖകളിലേക്കുള്ള അനധികൃത പ്രവേശനം കണ്ടെത്തിയത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ട്രസ്റ്റ് അറിയിച്ചു. രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ അനുമതിയില്ലാതെ പരിശോധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ട്രസ്റ്റിന്റെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാര്‍ട്ടിന്‍ മാന്‍സ്ഫീല്‍ഡ് വ്യക്തമാക്കി.

നോവയുടെ രേഖകളിലേക്ക് കൂടുതല്‍ അനധികൃത പ്രവേശനം ഉണ്ടാകാതിരിക്കാന്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംഭവം ഇന്‍ഫര്‍മേഷന്‍ കമ്മിഷണേഴ്സ് ഓഫീസിനെ (ഐസിഒ) അറിയിച്ചതായും അന്വേഷണത്തിന്റെ പുരോഗതി കുടുംബത്തെ തുടര്‍ന്നും അറിയിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി. ശനിയാഴ്ച ജീവനക്കാരെ സംഭവത്തെക്കുറിച്ച് അറിയിച്ച ട്രസ്റ്റ്, രോഗികളുടെ വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചു. വിവരസുരക്ഷയെക്കുറിച്ച് ജീവനക്കാര്‍ക്ക് പരിശീലനവും നിരന്തരമായ ഓര്‍മപ്പെടുത്തലുകളും നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രോഗികളുടെ രേഖകള്‍ അനാവശ്യമായി പരിശോധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ജിം മാക്കി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടക്കുന്ന കാലയളവിലും ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് രോഗികളുടെ രേഖകളിലേക്കുള്ള പ്രവേശനം അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, നോവയുടെ മരണവുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റ് വെള്ളിയാഴ്ച ഇപ്‌സ്വിച്ചില്‍ ആരംഭിച്ചു. കളിസ്ഥലത്തെ വേലിക്കെട്ടിലെ വിടവിലൂടെ കുട്ടി പുറത്തുപോയതായാണ് ഇന്‍ക്വസ്റ്റില്‍ ലഭിച്ച വിവരം. മരണം അതീവ ദുഃഖകരവും ദുരന്തപൂര്‍ണവുമായ സംഭവമാണെന്ന് അസിസ്റ്റന്റ് കൊറോണര്‍ ജ്യോതി ഗില്‍ പറഞ്ഞു. സന്തോഷവാനും കുസൃതിക്കാരനും കളിയിഷ്ടപ്പെടുന്നവനുമായാണ് കുടുംബം നോവയെ അനുസ്മരിച്ചത്. കുട്ടികളെ കൂടുതല്‍ ചേര്‍ത്തുപിടിക്കണമെന്നും അവര്‍ക്കൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കണമെന്നും നോവയുടെ അമ്മ മറ്റ് മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window