ലണ്ടന്‍: ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ബ്രിട്ടനിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തില്‍ വിന്യസിച്ചിരുന്ന ബി-1 ബോംബര്‍ വിമാനങ്ങള്‍ അമേരിക്ക പിന്‍വലിച്ചു. വിമാനങ്ങള്‍ അമേരിക്കയിലെ സ്വന്തം താവളങ്ങളിലേക്ക് മടങ്ങിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങളാല്‍ വിമാനങ്ങളുടെ നീക്കം നേരത്തേ പരസ്യപ്പെടുത്തിയിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
താവളത്തെ ലക്ഷ്യമിട്ട് ആക്രമണത്തിന് പദ്ധതിയിട്ടെന്ന സംശയത്തില്‍ സെപ്റ്റംബര്‍ 27ന് അഞ്ച് ബ്രിട്ടിഷ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വാഹനങ്ങളില്‍ പെട്രോള്‍ കണ്ടെത്തിയെങ്കിലും സ്ഫോടകവസ്തുക്കള്‍ ലഭിച്ചിരുന്നില്ല. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടിഷ്-ഇറാനിയന്‍ ഇരട്ടപൗരത്വമുള്ള മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇറാന്റെ പങ്കാളിത്തത്തിന് ശക്തമായ സൂചനകളുണ്ടെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബര്‍ണം പ്രതികരിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച ഇറാന്, ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വിദേശ ഇടപെടല്‍ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ബ്രിട്ടനിലെ ഭീകരവിരുദ്ധ പൊലീസ് വ്യക്തമാക്കി. ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ക്ക് അമേരിക്ക ഉപയോഗിച്ചിരുന്ന പ്രധാന താവളങ്ങളിലൊന്നാണ് ഫെയര്‍ഫോര്‍ഡ്. വിമാനങ്ങള്‍ തിരിച്ചെത്തിച്ചെങ്കിലും അമേരിക്കയില്‍നിന്ന് ദീര്‍ഘദൂര ദൗത്യങ്ങള്‍ നടത്താനുള്ള സജ്ജീകരണം തുടരുന്നതായി പെന്റഗണ്‍ അറിയിച്ചു.