ലണ്ടന്‍: ഇന്ത്യന്‍ അറോമ റെസ്റ്റോറന്റില്‍ തീവെച്ച് ഉപഭോക്താക്കള്‍ക്ക് ഗുരുതര പരിക്കേല്‍പ്പിച്ച കേസില്‍ പതിനേഴുകാരായ രണ്ടുപേര്‍ക്ക് പത്തുവര്‍ഷം വീതം തടവുശിക്ഷ. ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ തീവെച്ചതിനും ആയുധങ്ങള്‍ കൈവശംവച്ചതിനുമാണ് ഓള്‍ഡ് ബെയ്ലി കോടതി ശിക്ഷ വിധിച്ചത്. 2025 ഓഗസ്റ്റ് 22നുണ്ടായ ആക്രമണത്തില്‍ അഞ്ച് ഉപഭോക്താക്കള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവസമയത്ത് എട്ട് ഉപഭോക്താക്കള്‍ റെസ്റ്റോറന്റിലുണ്ടായിരുന്നു.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. ആളുകളുടെ മരണത്തിനോ ഗുരുതര പരിക്കുകള്‍ക്കോ കാരണമാകാവുന്ന പ്രവൃത്തിയാണിതെന്ന് പ്രതികള്‍ക്ക് ബോധ്യമുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പരിക്കേറ്റവരില്‍ ഒരു സ്ത്രീക്കും ഭര്‍ത്താവിനും വ്യാപകമായി പൊള്ളലേറ്റിരുന്നു. ഭര്‍ത്താവ് 45 ദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുത്തത്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ അറോമ റെസ്റ്റോറന്റ് സ്ഥിരമായി അടച്ചുപൂട്ടി.