Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=111.1235 INR
ukmalayalampathram.com
Sat 23rd May 2026
 
 
UK Special
  Add your Comment comment
രോഗികളോട് ക്രൂരമായ പെരുമാറ്റം; മലയാളി ഡോക്ടറെ യുകെയില്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പുറത്താക്കി
reporter

ലണ്ടന്‍: രോഗികളോട് അപമര്യാദയോടും ക്രൂരമായും പെരുമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളിയായ ഡോക്ടറെ യുകെയിലെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് സ്ഥിരമായി പുറത്താക്കി. കാര്‍ലൈലിന് സമീപമുള്ള ഹൗട്ടനില്‍ ജോലി ചെയ്തിരുന്ന ഡോ. ഷമീര്‍ ചന്ദ്രനെയാണ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് യുകെയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. ഡോ. ഷമീര്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ട്രിബ്യൂണലിന്റെ നടപടി. മേയ് അഞ്ച്, ആറ് തീയതികളില്‍ നടന്ന ഓണ്‍ലൈന്‍ ഹിയറിംഗിന് ശേഷമാണ് അന്തിമ തീരുമാനം എടുത്തത്. മറ്റുള്ളവരെ മാനസികമായി പീഡിപ്പിക്കുകയും നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന രണ്ട് കുറ്റങ്ങളിലും, പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന കുറ്റത്തിലും കാര്‍ലൈല്‍ ക്രൗണ്‍ കോടതി നേരത്തെ ഡോ. ഷമീറിന് നാല് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇരകളായ വ്യക്തികളുമായി ബന്ധപ്പെടുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ കോടതി നടപടികളോട് സഹകരിക്കാന്‍ ഷമീര്‍ തയ്യാറായിരുന്നില്ല. ക്രിമിനല്‍ കേസ് വിചാരണയ്ക്കിടെ ഇയാള്‍ രാജ്യം വിട്ടുപോയതായി കണ്ടെത്തി. ഇയാള്‍ക്കെതിരെ നിലവില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കംബ്രിയ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളെ കടുത്ത അപമാനത്തിനും മാനസിക പീഡനങ്ങള്‍ക്കും ഇരയാക്കിയതായും സാമ്പത്തികമായി നിയന്ത്രിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയതായും കോടതി രേഖകളില്‍ പറയുന്നു. തെറ്റുകളില്‍ ഒരുഘട്ടത്തിലും പശ്ചാത്താപം പ്രകടിപ്പിക്കാത്ത ഡോ. ഷമീര്‍, യുകെയിലെ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് അയച്ച ഇമെയിലില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. യുകെയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും തന്റെ ഭാവി തകര്‍ത്തുവെന്നുമാണ് ഇയാളുടെ ആരോപണം. അതേസമയം, ഡോക്ടറുടെ ഭാഗത്തുനിന്ന് ഭാവിയിലും ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. മെഡിക്കല്‍ രംഗത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഇയാളെ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുകയല്ലാതെ മറ്റുവഴിയില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. അപ്പീല്‍ കാലയളവില്‍ ഇയാള്‍ക്ക് അടിയന്തര സസ്പെന്‍ഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window