Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=110.0473 INR
ukmalayalampathram.com
Sun 02nd Aug 2026
 
 
മതം
  Add your Comment comment
സീറോ-മലബാര്‍ വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 18 ന്; റവ.ഡോ. ആന്റണി ചുണ്ടലിക്കാട്ട് മരിയന്‍ സന്ദേശം നല്‍കും
Text By: Appachan Kannanchira
വാത്സിങ്ങാം:' ഇംഗ്ലണ്ടിലെ നസ്രത്ത്', വാത്സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി സംഘടിപ്പിക്കുന്ന വാര്‍ഷിക തീര്‍ത്ഥാടനം ജൂലൈ 18-ന് ശനിയാഴ്ച്ച ഭക്ത്യാഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന തീര്‍ത്ഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോ-മലബാര്‍ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും. അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂര്‍വം അര്‍പ്പിക്കുന്ന തിരുക്കര്‍മ്മങ്ങളിലും തിരുന്നാള്‍ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവന്‍ വൈദികര്‍ സഹകാര്‍മികരാകും.

ജൂലൈ 18-ന് രാവിലെ 9 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന തീര്‍ത്ഥാടനശുശ്രുഷകളില്‍, തിരുന്നാള്‍ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയന്‍ സന്ദേശ പ്രഭാഷണം സീറോമലബാര്‍ എപ്പാര്‍ക്കിയുടെ പ്രോട്ടോസെഞ്ചുലോസും, സഭാ പണ്ഡിതനും, പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നല്‍കും.

തീര്‍ത്ഥാടനത്തിന്റെ ഭാഗമാകുവാനും, മാതൃ മദ്ധ്യസ്ഥതയില്‍ പ്രാര്‍ത്ഥനകളും കൃപകളും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ, പ്രസുദേന്തിമാരാകുവാന്‍ സാധിക്കും.

ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നായ വാത്സിങ്ങാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയില്‍ നിര്‍മിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികള്‍ ആദരിക്കുന്നത്. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തര്‍ വര്‍ഷം തോറും തീര്‍ത്ഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തില്‍ പ്രശസ്തമാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ-മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീര്‍ത്ഥാടനം, യുകെയിലെ സീറോമലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വര്‍ഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീര്‍ത്ഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോ-മലബാര്‍ സഭയുടെ വളര്‍ച്ചയും, സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.

തീര്‍ത്ഥാടന ശുശ്രൂഷകളിലും തിരുക്കര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും , അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികള്‍ പ്രാര്‍ത്ഥനാനിറവില്‍ ഒരുങ്ങി എത്തിച്ചേരുവാന്‍ തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ തീര്‍ത്ഥാടകരോട് അഭ്യര്‍ഥിച്ചു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine of Our Lady of Walsingham

Houghton St Giles, Norfolk, NR22 6AL, England.
 
Other News in this category

 
 




 
Close Window