Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
അയര്‍ലണ്ടില്‍ കാര്‍ ബോംബ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
reporter

ലണ്ടന്‍ / ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുപോകുകയായിരുന്ന അതിശക്തമായ സ്‌ഫോടക ഉപകരണം അയര്‍ലന്‍ഡില്‍ പൊലീസ് പിടികൂടി. രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നുള്ള പ്രത്യേക ഓപ്പറേഷനില്‍ കൗണ്ടി മോനഗനിലെ കാരിക്ക്മാക്രോസിന് സമീപമുള്ള എന്‍-2 ദേശീയപാതയില്‍ ബോംബുമായി സഞ്ചരിച്ച വാഹനം തടഞ്ഞു. സംഭവത്തില്‍ ഇരുപതുകളിലുള്ള ഒരു സ്ത്രീയെയും നാല്‍പ്പതുകളിലുള്ള ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി അയര്‍ലന്‍ഡ് പൊലീസ് (ഗാര്‍ഡ) അറിയിച്ചു. വാഹനത്തില്‍ നിന്ന് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ സ്‌ഫോടക ഉപകരണമാണ് കണ്ടെത്തിയതെന്ന് പൊലീസ് കമ്മിഷണര്‍ ജസ്റ്റിന്‍ കെല്ലി വ്യക്തമാക്കി. ഡിറ്റണേറ്റര്‍, വൈദ്യുത പവര്‍ യൂണിറ്റ്, സൈനിക നിലവാരത്തിലുള്ള സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഘടിപ്പിച്ച ബോംബാണിതെന്നും പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ വന്‍ നാശനഷ്ടവും ജീവഹാനിയും സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഒരു വാഹനത്തിന്റെ അടിയില്‍ ബോംബ് ഘടിപ്പിച്ച് ആക്രമണം നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 1998ലെ ഗുഡ് ഫ്രൈഡേ സമാധാന കരാര്‍ അംഗീകരിക്കാത്ത വിമത റിപ്പബ്ലിക്കന്‍ വിഭാഗങ്ങളുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിന്‍ കെല്ലി പറഞ്ഞു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ അതീവ ആശങ്കാജനകമെന്നാണ് അയര്‍ലന്‍ഡ് നീതിന്യായ മന്ത്രി ജിം ഒ'കല്ലഹാന്‍ വിശേഷിപ്പിച്ചത്. പൊലീസ് സമയോചിതമായി ഇടപെട്ടില്ലെങ്കില്‍ ഗുരുതരമായ ആക്രമണം നടന്നേനെയെന്നും ബോംബ് സുരക്ഷിതമായി നിര്‍വീര്യമാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മന്ത്രി ക്രിസ് ബ്രയന്റ് അയര്‍ലന്‍ഡ് പൊലീസിന്റെ നടപടി പ്രശംസിച്ചു. അതിര്‍ത്തി കടന്നുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ ഇത്തരം ഭീഷണികളെ ഫലപ്രദമായി നേരിടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സര്‍വീസ് ഓഫ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ഡേവി ബെക്കും അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചു.

 
Other News in this category

 
 




 
Close Window