Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ്
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ പബ്ബുകള്‍, ക്ലബ്ബുകള്‍, തത്സമയ സംഗീതവേദികള്‍ എന്നിവയ്ക്ക് 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണം പ്രഖ്യാപിച്ചു. 2027 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പദ്ധതിയിലൂടെ ഒരു സാധാരണ പബ്ബിന് അടുത്ത സാമ്പത്തിക വര്‍ഷം ഏകദേശം 1,100 പൗണ്ട് വരെ നികുതി ലാഭിക്കാനാകുമെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. പ്രതിവര്‍ഷം ഏകദേശം 100 മില്യന്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള ധനം നിലവിലെ ചില നികുതി ഇളവുകള്‍ പുനഃപരിശോധിച്ചും നികുതി വെട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കിയും കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ തത്സമയ സംഗീതവേദികള്‍ക്ക് ഇളവ് ലഭിക്കില്ല. ഏതൊക്കെ സ്ഥാപനങ്ങളാണ് പദ്ധതിക്ക് അര്‍ഹമാകുകയെന്നത് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ശരത്കാല ബജറ്റില്‍ ധനമന്ത്രി ജോണ്‍ ഹീലി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബേണം ജനക്ഷേമസാമ്പത്തിക പ്രഖ്യാപനം നടത്തുന്നത്. ഗാര്‍ഹിക വൈദ്യുതി ബില്ലിലെ വാറ്റ് കുറയ്ക്കുമെന്നും 2027 ജനുവരി മുതല്‍ ലണ്ടന് പുറത്തുള്ള ഇംഗ്ലണ്ടിലെ ഭൂരിഭാഗം ബസ് സര്‍വീസുകളുടെയും ഒറ്റയാത്രാ നിരക്ക് രണ്ട് പൗണ്ടായി പരിമിതപ്പെടുത്തുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ ഇളവിനെ വ്യാപാര സംഘടനകള്‍ സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി ഉയര്‍ന്ന ബിസിനസ് റേറ്റുകളുടെ ഭാരത്തില്‍ ബുദ്ധിമുട്ടുന്ന പബ്ബുകള്‍ക്ക് ഏറെ ആവശ്യമായ ആശ്വാസമാണ് പ്രഖ്യാപനമെന്ന് ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് എമ്മ മക്ക്ലാര്‍ക്കിന്‍ പറഞ്ഞു. സ്ഥിരമായ ബിസിനസ് റേറ്റ് പരിഷ്‌കാരത്തിനായി സര്‍ക്കാരുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. യുകെ ഹോസ്പിറ്റാലിറ്റി, നൈറ്റ് ടൈം ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. അതേസമയം ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കഫേകള്‍ എന്നിവയെയും ഉള്‍പ്പെടുത്തി ഇളവ് വിപുലീകരിക്കണമെന്നും വാറ്റ് കുറയ്ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ബേണം ഇപ്പോഴും ഗ്രേറ്റര്‍ മാഞ്ചസ്റ്ററിന്റെ മേയറെന്ന നിലയിലാണ് ചിന്തിക്കുന്നതെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമായ സമഗ്ര പരിഷ്‌കാരങ്ങളല്ല സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡിനോക്ക് വിമര്‍ശിച്ചു.ഇംഗ്ലണ്ടിലെ കടകള്‍, ഓഫിസുകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈടാക്കുന്ന പ്രാദേശിക നികുതിയാണ് ബിസിനസ് റേറ്റ്. കെട്ടിടത്തിന്റെ നിര്‍ണയിക്കപ്പെട്ട വാടകമൂല്യത്തെ അടിസ്ഥാനമാക്കിയാണ് നികുതി കണക്കാക്കുന്നത്. ഇതില്‍ ഇളവ് ലഭിക്കുന്നത് സ്ഥാപനങ്ങളുടെ വാര്‍ഷിക പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

 
Other News in this category

 
 




 
Close Window