ലണ്ടന്‍/ആലപ്പുഴ: യുകെയില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന മലയാളിയെ ബാങ്കോക്കിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ തലവടി ആമപ്രാമ്പല്‍ തെക്ക് പുന്നശ്ശേരി സ്വദേശിയും ബക്കിങ്ങാംഷയറിലെ എയ്ല്‍സ്ബറിയില്‍ താമസക്കാരനുമായ പ്രജിത് പുഷ്പാംഗദന്‍ (49) ആണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനായി തായ്ലന്‍ഡിലെത്തിയ പ്രജിത്തിനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. മുറിയില്‍നിന്ന് ലഭിച്ച പാസ്പോര്‍ട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തില്‍ തായ് അധികൃതര്‍ കേരള പൊലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പൊലീസ് ബന്ധുക്കള്‍ക്ക് വിവരം കൈമാറുകയായിരുന്നു.
വിദേശയാത്രകള്‍ പതിവാക്കിയിരുന്ന പ്രജിത് ഇത്തവണ ഒറ്റയ്ക്കാണ് തായ്ലന്‍ഡിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ചുദിവസം മുന്‍പ് അമ്മയുമായി ഫോണില്‍ സംസാരിച്ച അദ്ദേഹം ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് രണ്ടുദിവസത്തോളമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എയ്ല്‍സ്ബറിയില്‍ ഒറ്റയ്ക്കായിരുന്നു പ്രജിത്തിന്റെ താമസം. നാട്ടില്‍ അമ്മയും രണ്ടു സഹോദരിമാരുമുണ്ട്. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത തായ് പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. പ്രജിത്തിന്റെ അപ്രതീക്ഷിത വിയോഗം യുകെയിലെ മലയാളി സമൂഹത്തെയും ആലപ്പുഴയിലെ നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.