Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
വരള്‍ച്ചാഭീഷണിക്കിടെ യുകെയില്‍ മഴയെത്തുന്നു; ജലക്ഷാമം പരിഹരിക്കാന്‍ പര്യാപ്തമാകില്ല
reporter

ലണ്ടന്‍: ആഴ്ചകളായി തുടരുന്ന കടുത്ത ചൂടിനും വരണ്ട കാലാവസ്ഥയ്ക്കും പിന്നാലെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഈ വാരാന്ത്യത്തില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. എന്നാല്‍ വ്യാപകമായ വരള്‍ച്ചാഭീഷണിയും ജലക്ഷാമവും പരിഹരിക്കാന്‍ മഴ പര്യാപ്തമാകില്ലെന്നും മുന്നറിയിപ്പുണ്ട്. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ജൂണ്‍ 15നുശേഷം ലഭിച്ചത് 10 മില്ലീമീറ്ററില്‍ താഴെ മഴയാണ്. മധ്യ-തെക്കന്‍ ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലും മഴയുടെ അളവ് മൂന്നു മില്ലീമീറ്ററോ അതില്‍ താഴെയോ ആയിരുന്നു. സറെയിലെ വിസ്ലിയില്‍ തുടര്‍ച്ചയായി 36 ദിവസമായി മഴ രേഖപ്പെടുത്തിയിട്ടില്ല. വടക്കുകിഴക്കന്‍ വെയില്‍സിലെ റില്‍ പ്രദേശത്ത് ജൂണ്‍ പകുതിക്കുശേഷം മൂന്ന് മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. മഴയുടെ കുറവിനെ തുടര്‍ന്ന് തെക്കന്‍, മധ്യ, കിഴക്കന്‍ ഇംഗ്ലണ്ടിലെ വിവിധ മേഖലകള്‍ വരള്‍ച്ചയുടെ വക്കിലാണെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തേംസ് വാട്ടര്‍ ഉള്‍പ്പെടെയുള്ള ജലവിതരണ കമ്പനികള്‍ ഹോസ്പൈപ്പ് ഉപയോഗത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വാരാന്ത്യത്തോടെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രവചനം. പശ്ചിമ സ്‌കോട്ട്ലന്‍ഡില്‍ 10 മുതല്‍ 20 മില്ലീമീറ്റര്‍ വരെയും വടക്കന്‍ അയര്‍ലന്‍ഡ്, വടക്കന്‍ ഇംഗ്ലണ്ട്, വടക്കന്‍ വെയില്‍സ് എന്നിവിടങ്ങളിലെ മലനിരകളില്‍ അഞ്ചു മുതല്‍ 10 മില്ലീമീറ്റര്‍ വരെയും മഴ ലഭിച്ചേക്കും. അതേസമയം മിഡ്ലാന്‍ഡ്സ്, തെക്കന്‍, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നേരിയ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ മഴ ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. ലഭിക്കുന്ന മഴ ഉണങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും ജലക്ഷാമവും വരള്‍ച്ചാഭീഷണിയും അവസാനിപ്പിക്കാന്‍ മതിയാകില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. അടുത്ത ആഴ്ചയും മഴ പ്രധാനമായും യുകെയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ കേന്ദ്രീകരിക്കാനാണ് സാധ്യത. മറ്റു ചില മേഖലകളില്‍ മഴ വളരെ കുറവായിരിക്കുകയോ പൂര്‍ണമായും വിട്ടുനില്‍ക്കുകയോ ചെയ്യാം. ഓഗസ്റ്റില്‍ സ്പെയിനിലും ഫ്രാന്‍സിലും വീണ്ടും ശക്തമായ ഉഷ്ണതരംഗം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ദീര്‍ഘകാല കാലാവസ്ഥാ പ്രവചനം. എന്നാല്‍ ഇത് യുകെയിലേക്കും വ്യാപിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. വരണ്ട കാലാവസ്ഥ തുടര്‍ന്നാല്‍ രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ വരള്‍ച്ചാ സാഹചര്യത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window